കേരളത്തിലെ ഏറ്റവും വലിയ ഫിലിം ഷൂട്ടിംഗ് ഫ്ലോര്‍ ആയ വിവിഎം സ്റ്റുഡിയോസ് പ്രവർത്തനം ആരംഭിച്ചു. കളമശേരിയിലാണ് നിർമിച്ചിരിക്കുന്ന സ്റ്റുഡിയോ സ്പീക്കര്‍ പി ശ്രീരാമകൃഷ്‍ണന്‍ ഉദ്ഘാടനം ചെയ്തു.

ലോകോത്തരനിലവാരത്തിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് സ്റ്റുഡിയോ തയ്യാറാക്കിയിരിക്കുന്നത്. വിശാലമായ ഷൂട്ടിംഗ് ഫ്ളോറുകളും നിരവധി സ്റ്റുഡിയോകള്‍, ഇഷ്ടാനുസരണം ഉപയോഗിക്കാവുന്ന തരത്തിലുള്ള ക്രോമ കീ സംവിധാനവുമായാണ് വി.വി.എം സ്റ്റുഡിയോസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 14,000 സ്‌ക്വയര്‍ ഫീറ്റിലധികം വരുന്ന സ്റ്റുഡിയോയ്ക്ക് മൂന്ന് നില കെട്ടിടത്തേക്കാള്‍ ഉയരമുണ്ട്. വലിയ ജിബ് ഉപയോഗിച്ച് ഷൂട്ട് ചെയ്യാനും വലിയ സെറ്റ് ഇടാനുമായുള്ള വലിപ്പമേറിയ മുറികളും സ്റ്റുഡിയോയുടെ പ്രത്യേകതയാണ്.

പെരിയാര്‍ നദിക്കരയിലെ രണ്ടേക്കര്‍ സ്ഥലത്താണ് സ്റ്റുഡിയോ ഒരുങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗിന് നദീതീരവും ഉപയോഗപ്പെടുത്താവുന്നതാണ്. സിനിമാക്കാർക്കാകും ഇതുമൂലം ഏറ്റവും പ്രയോജനപ്പെടുക.

ഉദ്ഘാടനച്ചടങ്ങില്‍ സിനിമാ- രാഷ്‍ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.