അമേരിക്കന്‍ മലയാളി ഒരുക്കിയ ഹ്രസ്വചിത്രം കല്‍ക്കട്ട ഫെസ്റ്റിവലില്‍ മൂന്ന് പുരസ്കാരങ്ങള്‍

അമേരിക്കന്‍ മലയാളിയായ സംവിധായകന്‍ ഒരുക്കിയ ഹ്രസ്വചിത്രം അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധ നേടുന്നു. വിജില്‍ ബോസ് ഒരുക്കിയ സൈക്കോളജിക്കല്‍ ഡ്രാമ ചിത്രം ഫാള്‍ ആണ് നിരവധി അന്തര്‍ദേശീയ മേളകളില്‍ പുരസ്കാരങ്ങള്‍ക്കായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 

മൈക്കള്‍ വില്യംസ് എന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ രഹസ്യാന്വേഷണോദ്യോഗസ്ഥനാണ് ഹ്രസ്വചിത്രത്തിലെ പ്രധാനകഥാപാത്രം. യുദ്ധമുഖത്തുനിന്ന് തിരികെയെത്തിയ ശേഷവും അയാളെ വേട്ടയാടുന്ന ഭൂതകാലവും അതില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കുന്ന ഒരു സൈക്കാട്രിസ്റ്റുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ജിജു നായര്‍, പ്രവീണ്‍ കുമാര്‍, സിന്ധു നായര്‍ എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രചനയും ഛായാഗ്രഹണവും സംവിധായകന്‍റേത് തന്നെയാണ്. 

കല്‍ക്കട്ട ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കും ഛായാഗ്രാഹകനും നവാഗതസംവിധായകനുമുള്ള പുരസ്കാരങ്ങള്‍ നേടിയ ചിത്രം ലേക്ക് വ്യൂ ഫെസ്റ്റിവലില്‍ മികച്ച പരീക്ഷണചിത്രത്തിനുള്ള പുരസ്കാരവും നേടി. ഇറ്റലിയിലെ ഒറിനോസ് ഫിലിം അവാര്‍ഡ്സ്, ഇന്‍ഡിഫെസ്റ്റ് ഫിലിം അവാര്‍ഡ്സ്, ഗോള്‍ഡന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്സ് എന്നിവിടങ്ങളിലേക്കും ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.