ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടാകുന്നത് ഇത്ര വലിയ പ്രശ്നമാണോ? പൊട്ട് തൊട്ട്, മുടി മെടഞ്ഞിട്ട് വീട്ടുകാര്യം നോക്കി നടത്തുന്ന ഒരു പാവം തമിഴ് പെണ്‍കുട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. വിവാഹിതയായ ഒരു സ്ത്രീയ്ക്ക് ഭര്‍ത്താവല്ലാത്ത ഒരാളോട് തോന്നുന്ന പ്രണയവും, വിവാഹേതര ബന്ധവുമാണ് ചര്‍ച്ചാ വിഷയം.
സ്ത്രീ സ്വാതന്ത്രവും ഉന്നമനവും തുല്യതയും ഒക്കെ വാദിക്കുമ്പോഴും വിവാഹിതയാണെങ്കില്‍ അവളുടെ ഉടമസ്ഥാവകാശം ഭര്‍ത്താവിനും അവിവാഹിതയാണെങ്കില്‍ അച്ഛനുമാണെന്ന കാഴ്ചപാടിന് വിരുദ്ധമായി ചിന്തിച്ചതോടെയാണ് ലക്ഷ്മി രൂക്ഷ വിമര്‍ശനത്തിന് വിധേയയാകുന്നത്. വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ശക്തമായ വാദമുയർത്തുന്ന സിനിമയാണ് ലക്ഷ്മി.
സ്ത്രീ സ്വാതന്ത്ര്യവും യാന്ത്രികമാക്കപ്പെടുന്ന പെൺജീവിതവും സിനിമയെന്ന മാധ്യമത്തിലൂടെ അതിശക്തമായി ആവിഷ്കരിക്കുകയാണ് സംവിധായകൻ സര്‍ജുന്‍. സാൾട് മാംഗോ ട്രീയിലെ നായികയായ ലക്ഷ്മിപ്രിയ ചന്ദ്രമൗലി നായികയായ തമിഴ് ഹ്രസ്വചിത്രം ലക്ഷ്മി ചുരുങ്ങിയ സമയത്തിനുള്ളില്‍ നേരിടുന്നത് കടുത്ത വിമര്‍ശനമാണ്. പത്ത് ദിവസം കൊണ്ട് ഈ ലഘുചിത്രം കണ്ടിരിക്കുന്നത് ഇരുപത് ലക്ഷത്തിലധികം ആളുകളാണ്. വ്യാപകമായ രീതിയില്‍ സദാചാരവാദികള്‍ ലഘുചിത്രത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. സംസ്കാരത്തെ അധിഷേപിക്കുന്നുവെന്നാണ് മിക്കവരും ആരോപിക്കുന്നത്.
