ഇന്ത്യൻ ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതകഥ സിനിമയാകുകയാണ്. ചിത്രത്തില്‍ സൈനയെ അവതരിപ്പിക്കുന്നത് ശ്രദ്ധ കപൂറാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ക്ക്. അസുഖത്തെ തുടര്‍ന്ന് ശ്രദ്ധ കപൂര്‍ അഭിനയിക്കുന്ന ഭാഗം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.

ശ്രദ്ധ കപൂറിന് ഡെങ്ക്യു പിടിപെട്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രദ്ധ കപൂര്‍ അവധിയായതിനാല്‍ സൈനയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്ന കുട്ടിയുടെ ഭാഗം ചിത്രീകരിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അതേസമയം  സൈനയെ പൂര്‍ണതയോടെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ശ്രദ്ധ കപൂര്‍ നേരത്തെ തുടങ്ങിയിരുന്നു. അതിനായി സൈനയുടെ മാതാപിതാക്കളെയും ശ്രദ്ധ കപൂര്‍ അടുത്തിടെ കാണാൻ പോയിരുന്നു.

സൈനയുടെ ജീവിതകഥയില്‍ അഭിനയിക്കാനാകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ശ്രദ്ധ കപൂര്‍ പറഞ്ഞിരുന്നു. സൈന രാജ്യത്തിന്റെ ഹൃദയഭാജനമാണ്, ചാമ്പ്യനും യൂത്ത് ഐക്കണുമാണ്. ഒരു നടിയെന്ന നിലയില്‍ ഏറെ വെല്ലുവിളിയുള്ള റോളാണ്. ശ്രദ്ധ കപൂര്‍ പറയുന്നു.