എം.ടി.യുടെ വിഖ്യാത നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം രണ്ട് ഭാഗങ്ങളിലായി ആയിരം കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.

പ്രഖ്യാപനസമയത്ത് ഇത്രയും വാര്‍ത്താപ്രാധാന്യം ലഭിച്ചൊരു സിനിമ രണ്ടാമൂഴം പോലെ വേറൊന്ന് മലയാളത്തില്‍ ഉണ്ടാവില്ല. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമസേനനാവുന്ന സിനിമയുടെ ചിത്രീകരണം 2019 ജൂലൈയില്‍ ആരംഭിക്കുമെന്നാണ് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി പറഞ്ഞിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് താരങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ അടക്കം പല ഊഹാപോഹങ്ങളും പ്രചരിച്ചെങ്കിലും അതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. താരനിര്‍ണയം സംബന്ധിച്ച് ഒരു വലിയ വാര്‍ത്ത വരാനിരിക്കുന്നുവെന്ന് പറയുന്നു സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍.

"രണ്ടാമൂഴത്തിന്‍റെ താരനിര്‍ണയത്തെക്കുറിച്ച് അറിയാന്‍ കൌതുകപൂര്‍വ്വം കാത്തിരിക്കുന്നവരോട്.. നൂറിലധികം കഥാപാത്രങ്ങളുള്ള ചിത്രമാണ് ഇതെന്ന് നമുക്കെല്ലാം അറിയാം. ഏഷ്യയില്‍ എക്കാലവും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ സിനിമയുമാവും ഇത്. കാസ്റ്റിംഗിലും പ്രീ-പ്രൊഡക്ഷനിലും വേണ്ടിവരുന്ന വലിയ അധ്വാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു വലിയ വാര്‍ത്ത ഉടന്‍ വരും..", ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാവുമെന്നാണ് നേരത്തേ നിര്‍മ്മാതാവ് ചിത്രത്തിന്‍റെ കാസ്റ്റിംഗിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

Scroll to load tweet…

എം.ടി.യുടെ വിഖ്യാത നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം രണ്ട് ഭാഗങ്ങളിലായി ആയിരം കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളായും ചിത്രം ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തും. അതേസമയം വി.ആര്‍.ശ്രീകുമാറിന്‍റെതന്നെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒടിയന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.