അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചൻ അഭിനയത്തിന് തുടക്കം കുറിച്ചു

അച്ഛന്റെ വഴിയെ ചുവടുവച്ച് ബോളിവുഡ്താരം അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചൻ അഭിനയത്തിന് തുടക്കം കുറിച്ചു. അച്ഛനും മകളും ഒന്നിച്ചെത്തിയ പരസ്യത്തിലൂടെയാണ് തുടക്കം. കല്യാണ്‍ ജുവലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. അതും സ്വന്തം അച്ഛനും മകളുമായി തന്നെ....

തന്റെ പേരിലല്ലാതെ ലഭിച്ച പെന്‍ഷന്‍ തിരിച്ചു നല്‍കാന്‍ മകള്‍ക്കൊപ്പം ബാങ്കിലെത്തുന്ന കഥാപാത്രത്തെയാണ് ബി​ഗ് ബി അവതരിപ്പിക്കുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍, മകളായാണ് ശ്വേത എത്തുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഇതുവരെ ഒരു ചിത്രത്തിൽപോലും ശ്വേത തല കാണിച്ചിട്ടില്ല. കോഫി വിത്ത് കരൺ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അഭിനയിക്കുന്നതിനായി ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇരുവരും പരസ്യത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. എന്നാൽ വളരെ വികാരഭരിതനായാണ് ബച്ചൻ വീഡിയോ പങ്കുവച്ചത്. 'തികച്ചും വൈകാരികമായ നിമിഷമാണ് എനിക്കിത്..ഒാരോ തവണയും ഇത് കാണുമ്പോൾ കണ്ണീർ പൊഴിക്കുകയാണ്...പെൺമക്കൾ മിടുക്കരാണ്- എന്ന അടിക്കുറിപ്പോടെയാണ് ബച്ചൻ വീഡിയോ പങ്കുവച്ചത്.' 

ബച്ചന്റെ മൂത്ത മകളാണ് ശ്വേത. മാതാപിതാക്കളായ അമിതാഭ് ബച്ചൻ, ജയാ ബച്ചൻ ,സഹോദരന്‍ അഭിഷേക് ബച്ചൻ, ഭാര്യ എെശ്വര്യ റായി എല്ലാവരും തന്നെ ലോകമറിയുന്ന താരങ്ങളാണ്. കുടുംബം മുഴുവനും അഭിനയത്തിലേക്ക് മുഴുകിയപ്പോൾ എഴുത്തിനോടായിരുന്നു ശ്വേതയ്ക്ക് താത്പര്യം. 2018 ഒക്ടോബറില്‍ ശ്വേതയുടെ ആദ്യ നോവല്‍ പുറത്തിറങ്ങും. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചനും കവിയായിരുന്നു.