താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനവും അംഗത്വവും ശ്വേത മേനോൻ രാജിവച്ചു. തങ്ങളെ പുറത്താക്കാൻ വലിയ ഗൂഢാലോചന നടന്നെന്നും കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ എത്തിക്കാൻ ശ്രമം നടന്നെന്നും ശ്വേത ആരോപിച്ചു. പാവയായി ഭരിക്കാൻ സാധിക്കാത്തതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും അവർ വ്യക്തമാക്കി
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ. അധ്യക്ഷ സ്ഥാനം മാത്രമല്ല, പ്രാഥമിക അംഗത്വവും താൻ രാജിവെക്കുകയാണെന്ന് ശ്വേത വ്യക്തമാക്കി. താനടക്കം 17 അംഗ ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചതായി വ്യക്തമാക്കിയ അവർ, വലിയ ഗൂഢാലോചനയിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയിലൂടെയുമാണ് തങ്ങളെ പുറത്താക്കാൻ ചിലർ ശ്രമിച്ചതെന്നും തുറന്നടിച്ചു. കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള നീക്കമാണ് ജനറൽ ബോഡിയിൽ നടന്നത്. ഒരു അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്ന് തങ്ങളെ വേട്ടയാടാൻ നോക്കിയെന്നും പാവയായി ഇരുന്നാൽ മാത്രമേ സംഘടനയിൽ ഭരിക്കാൻ പറ്റൂ എന്ന നില വന്നതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും ശ്വേത മേനോൻ തുറന്നടിച്ചു. ഭരണസമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ ആരെയും അറിയിക്കാതെ പെട്ടെന്ന് മുങ്ങിപ്പോയതാണ് നിലവിലെ പ്രതിസന്ധികൾക്കെല്ലാം കാരണമെന്നും ശ്വേത വെളിപ്പെടുത്തി. മെയിലോ മറ്റ് വിവരങ്ങളോ നൽകാതെ മെയ് ഒന്നിനാണ് അദ്ദേഹം ഓടിപ്പോയത്. മുൻ കമ്മിറ്റിയിലെ ബാബുരാജ് ചെയ്ത പല കാര്യങ്ങളിലും വലിയ കുഴപ്പങ്ങളുണ്ടെന്നും ഇതുവരെ സംഘടനയുടെ അന്തസ്സ് ഓർത്ത് പുറത്തുപറയാതിരുന്ന അത്തരം കാര്യങ്ങൾ വൈകാതെ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ശ്വേതയുടെ വാക്കുകൾ
അമ്മ അധ്യക്ഷ സ്ഥാനം മാത്രമല്ല, അംഗത്വമടക്കം ഞാൻ രാജിവച്ചു. ഞാനും എന്‍റെ കമ്മിറ്റിയും ഒന്നടങ്കം രാജിവച്ചു. കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിൽ വീണ്ടും അമ്മ സംഘടനയെ കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്. അജണ്ട വച്ചുള്ള നീക്കമാണ് എനിക്കും ഭരണസമിതിക്കുമെതിരെ നടന്നത്. അജണ്ട വച്ചുള്ള അവിശ്വാസ പ്രമേയം കൊണ്ടുവന്നു. വലിയ ഗൂഢാലോചന നടന്നു. അജണ്ട വച്ച് ഞങ്ങളെ പുറത്താക്കാൻ നോക്കി. എനിക്ക് ഒരു വ്യക്തിത്വം ഉണ്ട്. പറയാനുള്ളത് തുറന്നുപറയും. ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ മുങ്ങിയതാണ് പ്രശ്നങ്ങളുടെ കാരണം. മെയ് 1 ന് അദ്ദേഹം എവിടേക്കോ പോയി. ഒരു മെയിലോ, ആരെയും അറിയിക്കുകയോ ചെയ്യാതെ പുള്ളി ഓടിപ്പോയി. കഴിഞ്ഞ കമ്മിറ്റിയിലെ ബാബുരാജേട്ടൻ ചെയ്ത കാര്യങ്ങളിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്. അത് ഇന്നുവരെ പുറത്തുപറയാത്തത് അമ്മ ഭാരവാഹിയും അംഗവുമായതിനാലാണ്. എന്നാൽ ഇനി എല്ലാം തുറന്നുപറയാം. വൈകാതെ തന്നെ അത് ചെയ്യും. ഗൂഢാലോചയുടെ കെണി കാരണമാണ് ഞാൻ രാജിവച്ചത്. വനിതാ നേതൃത്വത്തിന്‍റെ പ്രശ്നമല്ല, പാവകളായാലേ സംഘടന ഓടിക്കാൻ പറ്റു എന്ന സാഹചര്യം ഉണ്ടാക്കി. എനിക്ക് അങ്ങനെ പാവയാകാൻ സാധിക്കില്ല. അതുകൊണ്ട് ഞാൻ രാജിവച്ച് പടിയിറങ്ങുന്നു.
