വിണ്ണൈതാണ്ടി വരുവായാ പുറത്തെത്തിയത് 2010ല്‍

2010ലെ ഹിറ്റ് ചിത്രം വിണ്ണൈതാണ്ടി വരുവായായ്ക്ക് ഒരു രണ്ടാംഭാഗമൊരുക്കുമെന്ന് ഗൗതം മേനോന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ചിലമ്പരശനെത്തന്നെ നായകനാക്കിയാണ് തുടക്കത്തില്‍ത്തന്നെ അദ്ദേഹം പ്രോജക്ട് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചിമ്പുവിന് പകരം മാധവന്‍ നായകനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചില തെറ്റിദ്ധാരണകള്‍ മൂലമാണ് എസ്‍ടിആറിന് പകരം മാധവനെ കാസ്റ്റ് ചെയ്തതെന്നും ഗൗതം മേനോന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ ചിമ്പു തന്നെ നായകനാവുമെന്ന് അറിയുന്നു. ചിത്രത്തിന്‍റെ പേര് വിണ്ണൈതാണ്ടി വരുവേന്‍ എന്നായിരിക്കുമെന്ന് ബിഹൈന്‍ഡ് വുഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിമ്പുവിനെ നായകനാക്കി ചെയ്ത അച്ചം യെന്‍പത് മദമയെടായും ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ടയും ഒരേസമയത്ത് ചിത്രീകരണം നടത്തിയതുമൂലമാണ് ചിമ്പുവിനും തനിക്കുമിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉടലെടുത്തതെന്നും ഇപ്പോള്‍ അതെല്ലാം മാറിയെന്നും പറയുന്നു ജിവിഎം. വിണ്ണൈതാണ്ടി വരുവായായുടെ രണ്ടാംഭാഗം കൂടാതെ ഒണ്‍ഡ്രഗ ചിത്രവും ചിമ്പുവിനെ വച്ചുതന്നെ ചെയ്യാന്‍ സാധിക്കുമെന്നും.

മാധവന്‍ മറ്റ് പ്രോജക്ടുകളുടെ തിരക്കിലായതും ഗൗതം മേനോന്‍ വീണ്ടും എസ്‍ടിആറിലെത്താന്‍ കാരണമായെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മണി രത്നം ചിത്രം ചെക്കാ ചിവന്ത വാനത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചിലമ്പരശന്‍. ഗൗതം മേനോന്‍ ചിത്രം ഈ വര്‍ഷാവസാനമായിരിക്കും ആരംഭിക്കുക.