Asianet News MalayalamAsianet News Malayalam

'വട ചെന്നൈ'യ്ക്ക് 'കമ്മട്ടിപ്പാട'വുമായുള്ള സാമ്യം അറിയുമോ? നിങ്ങള്‍ തീയേറ്ററില്‍ കണ്ടതല്ല ഒറിജിനല്‍!

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന വട ചെന്നൈയാണ് ഇത്തരത്തില്‍ അടുത്തകാലത്ത് വലിയ ട്രിമ്മിംഗിന് വിധേയമായ സിനിമ. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപിന്‍റെ ഒരു ട്വീറ്റാണ് ഈ വിഷയം പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുന്നത്. 

similarity between kammattipaadam and vada chennai is about how they get trimmed
Author
Chennai, First Published Oct 26, 2018, 10:30 AM IST

'കമ്മട്ടിപ്പാട'ത്തിന്‍റെ റിലീസിന് പിന്നാലെ രാജീവ് രവി ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു- തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയതല്ല ഫുള്‍ വെര്‍ഷന്‍, അഥവാ താന്‍ ഉദ്ദേശിച്ച സിനിമയുടെ ദൈര്‍ഘ്യം തീയേറ്റര്‍ റിലീസിനെത്തിയ മൂന്ന് മണിക്കൂര്‍ അല്ല. നാലര മണിക്കൂര്‍ സിനിമയാണ് 'കമ്മട്ടിപ്പാട'ത്തിന്‍റെ ഒറിജിനല്‍ പതിപ്പെന്നും തീയേറ്റര്‍ റിലീസിനുവേണ്ടി അത് മൂന്ന് മണിക്കൂറാക്കി ചുരുക്കിയതാണെന്നും വിശദീകരണം വന്നു. ചിലപ്പോള്‍ നാലര മണിക്കൂര്‍ വെര്‍ഷന്‍ ഡിവിഡിയായി പുറത്തിറക്കുമെന്നും. എന്നാല്‍ കമ്മട്ടിപ്പാടം ആരാധകരില്‍ പ്രതീക്ഷയുളവാക്കിയ ആ പ്രഖ്യാപനം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. തീയേറ്ററില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ചിത്രവും ഇത്തരത്തില്‍ വലിയ തോതില്‍ സമയദൈര്‍ഘ്യം കുറച്ചാണ് എത്തിയിരിക്കുന്നത്.

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന വട ചെന്നൈയാണ് ഇത്തരത്തില്‍ അടുത്തകാലത്ത് വലിയ ട്രിമ്മിംഗിന് വിധേയമായ സിനിമ. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപിന്‍റെ ഒരു ട്വീറ്റാണ് ഈ വിഷയം പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുന്നത്. സിനിമയെ പ്രശംസിച്ച് കഴിഞ്ഞ ദിവസം നടത്തിയ ഒരു ട്വീറ്റിന് പിന്നാലെയാണ് സമയദൈര്‍ഘ്യത്തെക്കുറിച്ച് അദ്ദേഹം മറ്റൊരു ട്വീറ്റും ചെയ്തത്. താന്‍ ചൈനയിലായിരുന്നപ്പോള്‍ അവിടുത്തെ ഒരു ഫിലിം ഫെസ്റ്റിവലില്‍ വട ചെന്നൈ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും അത് മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നുവെന്നും കുറിച്ചു ട്വിറ്ററില്‍ അനുരാഗ്. ആ മൂന്നര മണിക്കൂര്‍ പതിപ്പ് ഗംഭീരമാണെന്നാണ് ഫെസ്റ്റിവലിന്‍റെ സെലക്ടര്‍മാര്‍ തന്നോട് പറഞ്ഞതെന്നും. വെട്രിമാരനെ ടാഗ് ചെയ്ത് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് അനുരാഗ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. നെറ്റ്ഫ്ളിക്സോ മറ്റെന്തെങ്കിലും മാര്‍ഗ്ഗമുപയോഗിച്ചോ താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വട ചെന്നൈയുടെ മൂന്നര മണിക്കൂര്‍ പതിപ്പ് കാണാനാവുമോ എന്നാണ് ചോദ്യം. ചൈനയിലെ പിങ്ക്യാവോ ക്രൗച്ചിംഗ് ടൈഗര്‍ ഹിഡണ്‍ ഡ്രാഗണ്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു വട ചെന്നൈയുടെ പ്രീമിയര്‍.

എന്നാല്‍ ഫെസ്റ്റിവലിന് എത്തിയതും ചിത്രത്തിന്‍റെ ഒറിജിനല്‍ കട്ട് ആയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ചിത്രത്തിന്‍റെ ഒറിജിനല്‍ കട്ട് അഞ്ച് മണിക്കൂര്‍ 50 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു. പിന്നീട് തീയേറ്ററില്‍ കളിക്കാനുള്ള സൗകര്യാര്‍ഥ്യം 2 മണിക്കൂര്‍ 50 മിനിറ്റിലേക്ക് ചുരുക്കുകയായിരുന്നു. ഇത് എങ്ങനെ സാധിച്ചുവെന്നും കട്ട് ചെയ്തപ്പോള്‍ സിനിമയ്ക്ക് പരിക്കേറ്റോ എന്നുമുള്ള ചോദ്യത്തിന് ഫിലിം കംപാനിയന് നല്‍കിയ ഒരു അഭിമുഖത്തില്‍ വെട്രിമാരന്‍ ഇങ്ങനെ മറുപടി പറയുന്നു. 

"ഒരു സിനിമ സ്വയം അതിന്‍റെ രചന നിര്‍വ്വഹിക്കുമെന്നാണ് എന്‍റെ തോന്നല്‍. വട ചെന്നൈയുടെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഞാന്‍ വിചാരിച്ചിരുന്നതിനേക്കാള്‍ ദൈര്‍ഘ്യത്തിലാണ് ഈ സിനിമ സ്വയം രചിച്ചത്. ഒരുപാട് കഥാപാത്രങ്ങളുണ്ട് ഇതില്‍. അതിനാല്‍ സിനിമ ഡെവലപ്പ് ചെയ്‍ത് വരാന്‍ സമയം വേണം. അതിനാല്‍ ഞാന്‍ മനസിലാക്കി, ഈ കഥ രണ്ട് മണിക്കൂര്‍ 50 മിനിറ്റില്‍ പറഞ്ഞ് അവസാനിപ്പിക്കാന്‍ ആവില്ലെന്ന്. അതിനാല്‍ തുടര്‍ഭാഗങ്ങളെക്കുറിച്ച് ആലോചിച്ചു."

similarity between kammattipaadam and vada chennai is about how they get trimmed

ഒരു സീക്വല്‍ വേണമെന്നാണ് ആദ്യം ചിന്തിച്ചത്. പിന്നീട് അതൊരു ട്രിലജി ആയി മാറി. ആ ട്രിലജിക്ക് ഒരു പ്രീക്വല്‍ വേണമെന്നായി പിന്നീട്. നിലവിലെ കാര്യം പറയാം. വട ചെന്നൈയുടെ തുടര്‍ച്ചയ്ക്കായുള്ള എഴുതി പൂര്‍ത്തിയാക്കിയ ആയിരം പേജുകള്‍ എന്‍റെ കൈവശമുണ്ട്.

എഴുതിയ പല രംഗങ്ങളും ആദ്യഭാഗത്ത് ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ വിഷമമില്ലെന്നും പറയുന്നു വെട്രിമാരന്‍. വട ചെന്നൈയുടെ ദൈര്‍ഘ്യം കുറച്ചപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്. സിനിമയ്ക്ക് ഞാന്‍ ആദ്യം ഉദ്ദേശിച്ചിരുന്ന വേഗമല്ല തീയേറ്ററില്‍ റിലീസ് ചെയ്യപ്പെട്ട പതിപ്പിനുള്ളത്. ഇപ്പോഴുള്ളതിനേക്കാള്‍ സാവധാനത്തിലുള്ള കഥപറച്ചിലായിരുന്നു എന്‍റെ മനസ്സില്‍. ആദ്യം എഴുതിയതനുസരിച്ച് ഒരു സീനിന് 15-16 ഷോട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ അത് അഞ്ച്-ആറായി ചുരുക്കേണ്ടിവന്നു. സംഭവിച്ചിരിക്കുന്ന ട്രിമ്മിംഗ് കഥയെയോ പ്ലോട്ടുകളെയോ നേരിട്ട് ബാധിക്കുന്നതല്ല. മറിച്ച് സിനിമയുടെ പേസിംഗിലാണ് വ്യത്യാസം വന്നത്.

Follow Us:
Download App:
  • android
  • ios