പല തവണ റിലീസ് മാറ്റിവച്ച സൂര്യയുടെ സിങ്കം 3ക്ക് ഒടുവിൽ റിലീസ് തീയതിയായി. ജനുവരി 26ന് ചിത്രം തീയറ്ററുകളിലെത്തും.

സിങ്കം 3 റെഡിയായി പെട്ടിയിലിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പല തവണ റിലീസ് തീയതി മാറ്റി മാറ്റി. ഒടുവിൽ എന്ന് ചിത്രം പ്രദർശനത്തിന് എത്തുമെന്ന് ഒരു ഊഹവും ഇല്ലാതിരിക്കുകയായിരുന്നു. ക്രിസ്മസ് റിലീസായി തീരുമാനിച്ചിരുന്നുവെങ്കിലും പല തരം പ്രശ്നങ്ങൾ മൂലം നടന്നില്ല. മുഖ്യമന്ത്രി ജയലളിതയുടെ മരണവും നോട്ട് നിരോധനവുമെല്ലാം ചിത്രത്തിന് തിരിച്ചടിയായി. ബി സി ക്ലാസ് തീയറ്ററുകളിൽ നോട്ട് നിരോധനത്തെ തുടർന്നുള്ള പ്രതിസന്ധി മൂലം ആളു കയറുന്നില്ല. അതിനാൽ സാധാരണ പ്രേക്ഷകരെ ഉദ്ദേശിച്ച് എടുത്ത സിങ്കം 3 ഇപ്പോൾ റിലീസ് ചെയ്യുന്നത് ഉചിതമല്ലെന്ന് തീരുമാനിക്കുകയായിരുന്നു. ജനുവരി പകുതിയലേക്ക് റിലീസ് മാറ്റിയാൽ പൊങ്കലിന് നിശ്ചയിച്ചിരിക്കുന്ന വിജയ്‍യുടെ ഭൈരവയുമായി ബോക്സ് ഓഫീസിൽ യുദ്ധം ഒഴിവാക്കാനാണ് ജനുവരി അവസാനത്തിലേക്ക് റിലീസ് മാറ്റിയത്. പക്ഷേ 25നും 26നുമായാണ് ഷാരൂഖ് ഖാൻ ചിത്രം റയീസും ഹൃതിക് റോഷന്റെ കാബിലും എത്തുന്നത്. എന്തായാലും കാത്തിരിപ്പിന് ഒടുവിൽ ഒരു റിലീസ് തീയതി ആയതിന്റെ സന്തോഷത്തിലാണ് ആരാധകർ.