സിങ്കം 3യുടെ പ്രമോഷന്‍ തിരക്കുകളിലാണ് തമിഴ് താരം സൂര്യ. വന്‍ വിജയമായ സിങ്കത്തിന്‍റെ ആദ്യ രണ്ട് ചിത്രങ്ങളുടേതിനേക്കാള്‍ വലിയ പ്രതീക്ഷയാണ് മൂന്നാം ചിത്രത്തില്‍ സൂര്യയ്ക്ക്. ഇന്‍റര്‍ നാഷണല്‍ ലെവല്‍ ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറാണ് ഇത്തവണ ദുരൈ സിങ്കം. ഫെബ്രു.9ന് തീയറ്ററുകളിലെത്തുന്ന സിങ്കത്തേക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി. 

സംവിധായകന്‍ ഹരിയോടൊപ്പമുള്ള സൂര്യയുടെ അഞ്ചാമത്തെ ചിത്രമാണ് ഇത്. 'സിങ്കത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ വിജയിച്ചെങ്കിലും മൂന്നാം ഭാഗത്തെക്കുറിച്ച് ആലോചനയില്ലായിരുന്നു. ഇതിനിടെ ഹരി സാറിനോടൊപ്പം മറ്റൊരു കഥയുടെ ചര്‍ച്ച വന്നു. ആദ്യ രണ്ടു സിറ്റിങിനു ശേഷം ആ സിനിമ ചെയ്യാം എന്ന തീരുമാനത്തില്‍ എത്തി. എന്നാല്‍ ഇതിനിടെ ഹരിസാര്‍ ഒരു ത്രെഡ് പറഞ്ഞു. അത് ഒരുപാട് ഇഷ്ടപ്പെട്ടു. എന്നാല്‍ അത് പിന്നീട് ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. കാരണം ഏറെ സമയമെടുത്ത് തിരക്കഥ തയ്യാറാക്കുന്ന ആളാണ് അദ്ദേഹം. പക്ഷേ കാത്തിരിക്കാം വൈകിയാലും ഇത് തന്നെ ചെയ്യണമെന്ന് തോന്നി' അങ്ങനെയാണ് സിങ്കം 3ഉണ്ടായതെന്ന് സൂര്യ പറഞ്ഞു. 

ഇത്തവണ കേരളത്തില്‍ പ്രമോഷന് വന്നത് ആരാധകര്‍ക്കൊപ്പം കുറേക്കൂടി ചിലവഴിക്കണമെന്ന ഉദ്ദേശത്തിലാണ്. ഓരോ തവണ വരുമ്പോഴുമുള്ള പിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്കും നന്ദി അറിയിക്കണമായിരുന്നു കാരണം തുടക്കം മുതലുള്ള അവരുടെ പിന്തുണയും വലുതാണെന്ന് സൂര്യ പറഞ്ഞു.