ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ മകൻ ആദിത്യ നാരായൺ റായ്പൂർ വിമാനത്താവളത്തിൽ എയർലൈൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവഗായകൻ കൂടിയായ ആദിത്യ അസഭ്യം പറയുന്നതാണ് ദൃശ്യങ്ങളിൽ. എയർലെൻ ജീവനക്കാർ ഇതിന് മറുപടിയും പറയുന്നുണ്ട്. ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി.
തന്നെ വിമാനത്തിൽ നിന്ന് ഇറക്കിയാൽ മുംബൈയിൽ വെച്ചുകണ്ടോളാം എന്ന് ആദിത്യ എയർലൈൻ ജീവനക്കാരനോട് ഭീഷണി മുഴക്കുന്നുണ്ട്. ലഗേജുമായി ബന്ധപ്പെട്ട തർക്കമാണ് വാക്ക് തർക്കത്തിലേക്കും ഭീഷണിയിലേക്കും വഴിവെച്ചത്. അനുവദിനീയമായതിൽ കൂടുതൽ കാബിൻ ലഗേജിന് ചാര്‍ജ് നല്‍കാന്‍ ആവശ്യപ്പെട്ടതാണ് ആദിത്യയെ ചൊടിപ്പിച്ചത്. വീഡിയോ വൈറൽ ആയതോടെ വിശദീകരണ ട്വീറ്റുമായി ഇൻഡിഗോ അധികതൃരും രംഗത്ത് വന്നു.
റായ്പൂർ-മുംബൈ റൂട്ടിലുള്ള യാത്രക്കിടെയാണ് ഇൻഡിഗോ എയർലൈന്‍ ജീവനക്കാരുമായി ആദിത്യ പ്രശ്നമുണ്ടായത്. ആദിത്യയും അഞ്ചംഗ സംഘവുമാണ് അധിക ഭാരമുള്ള ബാഗേജുമായി യാത്രക്കെത്തിയത്. അധിക ബാഗേജിന് 13000രൂപ അടക്കണമെന്ന് എയർലൈൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഇത് അടക്കാനാകില്ലെന്ന് ചെക്ക് ഇൻ ജീവനക്കാരിയോട് ആദിത്യ പറഞ്ഞു. പതിനായിരം രൂപയിൽ കൂടുതൽ അടക്കാനാകില്ലെന്ന് പറയുകയും അസഭ്യഭാഷ ഉപയോഗിക്കുകയും ചെയ്തെന്നാണ് പരാതി.
ഡ്യൂട്ടി മാനേജറോടും മോശമായി പെരുമാറുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. മോശം പെരുമാറ്റം തുടർന്നപ്പോൾ യാത്ര അനുവദിക്കാനാകില്ലെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. തുടർന്ന് ക്ഷമാപണം നടത്തുകയും തുടർന്ന് ബോർഡിങ് പാസ് നൽകുകയും ചെയ്തുവെന്നുമാണ് ഇൻഡിഗോ അധികൃതർ ട്വീറ്റ് ചെയ്തത്.

