ഗായിക റിമി ടോമി തന്റെ ശാരീരിക മാറ്റത്തെക്കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വ്യായാമം ശരീരത്തിന് മാത്രമല്ല, മനസ്സിന്റെ കരുത്തിനും പോസിറ്റീവ് മനോഭാവത്തിനും വേണ്ടിയാണെന്ന് റിമി പറയുന്നു.
വർഷങ്ങൾക്ക് മുൻപ് ഒരു റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ ചുരുണ്ട മുടിക്കാരി. അവൾ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. മറ്റാരുമല്ല, പാട്ടും ഡാൻസും പറച്ചിലും ഒക്കെയായി സദസിന് പക്കാ എന്റർടെയ്നറായി മാറിയ റിമി ടോമി. ഗായികയ്ക്ക് പുറമെ അവതാരകയായും തിളങ്ങിയ റിമി, അഭിനയത്തിലും ഒരു കൈ നോക്കാതിരുന്നില്ല. മലയാളികൾക്ക് റിമ എത്രത്തോളം പ്രിയങ്കരിയാണെന്ന് ഓരോ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ കണ്ടാൽ മതിയാകും. സമീപകാലത്തായി തന്റെ രൂപത്തിൽ വലിയ ട്രാൻസ്ഫോർമേഷൻ ആണ് റിമി നടത്തിയത്. കഠിനമായ പരിശ്രമത്തിലൂടേയും വ്യായാമത്തിലൂടേയും ഡയറ്റിലൂടെയും മെലിഞ്ഞ് അതിമനോഹരിയായ റിമി ഓരോ സ്ത്രീകൾക്കും പ്രചോദനം കൂടിയാണ്.
ജിമ്മിൽ നിന്നുമുള്ള തന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം റിമ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ഞാടിയിട കൊണ്ട് ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ താരം പങ്കിട്ടൊരു പോസ്റ്റ് വൈറലായിരിക്കുകയാണ്. ജിമ്മിൽ നിന്നുമുള്ള ഫോട്ടോകൾ പങ്കുവച്ചുള്ള പോസ്റ്റിൽ കോച്ചിന് നന്ദി പറഞ്ഞ റിമി ടോമി, തന്റെ ജീവിതത്തിലെ അനുഗ്രഹമാണ് അദ്ദേഹമെന്നും പറയുന്നുണ്ട്. ശരീരത്തിന് വേണ്ടി മാത്രമല്ല, മനസ്സിന്റെ കരുത്തിന് വേണ്ടി കൂടിയാണ് താൻ ഈ വ്യായാമങ്ങൾ ചെയ്യുന്നതെന്നും റിമി പറയുന്നുണ്ട്.
"ഞാൻ ഇപ്പോഴും കഠിനമായി പരിശ്രമിക്കുകയും സ്ഥിരത നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വ്യായാമം എനിക്ക് എൻജിയും സന്തോഷവും പോസിറ്റീവ് ആയ മനോഭാവവും തരുന്നുണ്ട്. എല്ലാറ്റിനുമുപരിയായി കരുത്തും അതെനിക്ക് തരുന്നു. ഞാൻ ഒരിക്കലും പെർഫക്ട് അല്ല, ഇതെന്റെ ഏറ്റവും മികച്ച പ്രകടനം അല്ലെന്നും എനിക്കറിയാം. എങ്കിലും എല്ലാ ദിവസവും അതിനായി ഞാൻ ശ്രമിക്കുന്നുണ്ട്. ശരീരത്തിന് വേണ്ടി മാത്രമല്ല, മാനസിന്റെ കരുത്തിന് വേണ്ടി കൂടിയാണ് ഞാനിത് ചെയ്യുന്നത്. എന്റെ ട്രെയ്നറായ ലിബിൻ മാത്യുവിനോട് പ്രത്യേകം നന്ദി പറയുകയാണ്. എന്റെ നന്ദി വാക്കുകളാൽ വിവരിക്കുക അസാധ്യമാണ്. ഞാൻ ചിലപ്പോഴൊക്കെ വർക്കൗട്ടും ഡയറ്റുമൊക്കെ മുടക്കുന്ന മോശം സ്റ്റുഡന്റ് ആയിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ എന്നെ വിശ്വസിച്ചതിനും മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചതിനും നന്ദി. എന്റെ ജീവിതത്തിലെ ഒരു വലിയ അനുഗ്രഹമാണ് നിങ്ങൾ", എന്നായിരുന്നു റിമി ടോമിയുടെ വാക്കുകൾ.



