'വാഴ 2' എന്ന സൂപ്പർ ഹിറ്റിന് ശേഷം ഹാഷിറിൻ്റെ നാലാമത്തെ ചിത്രമായ 'ഞൊടി-ഒൺ മോർ ടൈം' പ്രഖ്യാപിച്ചു. ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഹാഷിറിനൊപ്പം അൽ അമീൻ, ചന്തു സലിം കുമാർ, ലുക്മാൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

വാഴ 2 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ സിനിമയുമായി ഹാഷിർ. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. ഞൊടി-ഒൺ മോർ ടൈം എന്നാണ് സിനിമയുടെ പേര്. 'അപ്പൊ ഇവിടെ തുടങ്ങുന്നു അടുത്തത്. എന്റെ കൂടെ കാണണം. എന്ന് നിങ്ങളെ സ്വന്തം ഹാഷിർ', എന്നാണ് ഞൊടിയുടെ പോസ്റ്റർ പുറത്തുവിട്ട് താരം കുറിച്ചത്. ജെ എസ് ജിതിൻ ആണ് സിനിമയുടെ സംവിധാനം. ഹാഷിറിനൊപ്പം അൽ അമീൻ, ചന്തു സലിം കുമാർ, ലുക്മാൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.

അമൽ പോൾസൺ, ടോണി ജോസ് എന്നിവരാണ് ഞൊടി സിനിമ നിർമിക്കുന്നത്. സൂപ്പർ ഡൂപ്പർ ഫിലിം, മിഡ്‌നെറ്റ് സൺ ഫിലിംസ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഹാഷിറിന്റെ നാലാമത്തെ സിനിമയാണ് ‍ഞൊടി. ‌അതിരടി, വാഴ, വാഴ 2 എന്നിവയാണ് മറ്റ് മൂന്ന് സിനിമകൾ. അടുത്തിടെ റിലീസ് ചെയ്ത പ്രകമ്പനം അടക്കമുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച അൽ അമീനും ഒപ്പം ചന്തുവും ലുക്മാനും കൂടിയാകുമ്പോൾ ചെറുതല്ലാത്ത പ്രതീക്ഷ തന്നെയാണ് സിനിമാസ്വാദകർക്ക് ഞൊടി സമ്മാനിക്കുന്നത്.

പ്രേക്ഷകപ്രീതി നേടിയ വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു വാഴ 2- ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വിപിൻ ദാസ് ആയിരുന്നു. അലൻ, വിനായക്, അജിൻ, അൽ അമീൻ, നിഹാൽ, നിബ്രാസ്സ്, ഷഹുബാസ്‌, സാബിർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ സുധീഷ്, വിജയ് ബാബു എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതേസമയം, ഫാലിമിക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ ഹാഷിർ ഉണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming