സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും മാതൃകയാണ് ശിവകാര്‍ത്തികേയൻ

തമിഴകത്തെ മുൻനിര നായകനാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയന്റെ ഡേറ്റ് നിരവധി സംവിധായകരാണ് കാത്തുനില്‍ക്കുന്നത്. അതുപോലെ ശിവകാര്‍ത്തികേയനെ മോഡലാക്കാൻ നിരവധി പരസ്യ കമ്പനികളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാശിനു വേണ്ടി തന്റെ ധാര്‍മ്മികത നഷ്‍ടമാകുന്ന പരസ്യങ്ങളില്‍ അഭിനയിക്കാനില്ലെന്നാണ് ശിവകാര്‍ത്തികേയൻ പറയുന്നത്.

സോഫ്റ്റ് ഡ്രിങ്ക് കമ്പനികളുടെയോ ഫാസ്റ്റ് ഫുഡിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നാണ് ശിവകാര്‍ത്തികേയൻ പറയുന്നത്. ഇവ ഉപയോഗിക്കാൻ തന്റെ മകളെയും അനുവദിക്കാറില്ല. എട്ടോ ഒമ്പതോ വര്‍ഷം മുമ്പ് ഞാൻ സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നത് നിര്‍ത്തിയിരുന്നു. അത് എന്റെ വ്യക്തിപരമായി തീരുമാനമായിരുന്നു. അങ്ങനെയുള്ള ഭക്ഷണങ്ങള്‍ എന്റെ ശരീരത്തിന് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞായിരുന്നു അത് നിര്‍ത്തിയത്. വേലൈക്കാരൻ എന്ന എന്റെ സിനിമ സോഫ്റ്റ് ഡ്രിങ്കുകള്‍ക്കെതിരെയാണ് സംസാരിക്കുക എന്ന് അറിഞ്ഞപ്പോള്‍ ആവേശവുമായി. എന്റെ മകള്‍ക്ക് നാലര വയസ്സുണ്ട്. അവള്‍ ബര്‍ഗറോ പിസയോ ഒന്നും കഴിക്കില്ല. സോഫ്റ്റ് ഡ്രിങ്കും കഴിക്കില്ല. ഞാൻ നല്‍കില്ല. അതുകൊണ്ട് ഞാൻ അത്തരം കമ്പനികളുടെ പരസ്യത്തിലും അഭിനിയിക്കില്ല. ഞാൻ ഉപയോഗിക്കാത്ത ഒരു വസ്‍തു വാങ്ങിക്കാൻ ഞാൻ എങ്ങനെ മറ്റുള്ളവരോട് പറയും- ശിവകാര്‍ത്തികേയൻ ചോദിക്കുന്നു.

ശിവകാര്‍ത്തികേയൻ നായകനായി അഭിനയിച്ച വേലൈക്കാരൻ സൂപ്പര്‍ഹിറ്റായിരുന്നു. മോഹൻരാജയായിരുന്നു സിനിമ സംവിധാനം ചെയ്‍തത്. അടുത്തതായി ശിവകാര്‍ത്തികേയൻ അഭിനയിക്കുന്ന ചിത്രം സീമാ രാജ് ആണ്. പൊൻറം ആണ് സിനിമ സംവിധാനം ചെയ്യുന്നത്.