മലയാളിയുവതാരം ഫഹദ് ഫാസിലിനെ പുകഴ്ത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ ശിവകാര്‍ത്തികേയന്‍. ഇരുവരും ഒന്നിച്ചഭിനയിച്ച വെള്ളൈക്കാരന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിലാണ് ശിവകാര്‍ത്തികേയന്‍ ഫഹദിനെ അഭിനന്ദനങ്ങളാല്‍ മൂടിയത്.
ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള നടനാണ് ഫഹദ് ഫാസില്‍. ഹോളിവുഡിലടക്കം ലോകത്തെ ഏത് നടനോടും മത്സരിച്ച് അഭിനയിക്കാന്‍ ഫഹദിന് സാധിക്കും- ശിവകാര്‍ത്തികേയന്‍ പറയുന്നു. '' പ്രകടനത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തെ മറികടക്കാനാവില്ല എന്നെനിക്കറിയാം. ഷൂട്ടിംഗ് ഓരോ ദിവസം കഴിയും തോറും ഫഹദിനോടൊപ്പമുള്ള അഭിനയം ഞാന്‍ ആസ്വദിക്കുകയായിരുന്നു. അദേഹത്തിന്റെ അഭിനയത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.... മലയാളികളുടെ യുവതാരത്തെ പുകഴ്ത്തി കൊണ്ട് ശിവ പറയുന്നു.
ഫഹദിനെ പോലെ പ്രഗല്‍ഭനായ ഒരു താരത്തെ തനിക്കൊപ്പം അഭിനയിപ്പിക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിലായിരുന്നുവെങ്കില്‍ ഈ അനുഭവങ്ങള്‍ തനിക്ക് നഷ്ടപ്പെടുമായിരുന്നുവെന്നും ഫഹദിന്റെ സാന്നിധ്യം തന്റെ അഭിനയവും മെച്ചപ്പെടുത്തിയെന്നാണ് വിശ്വാസമെന്നും പറഞ്ഞ ശിവകാര്‍ത്തികേയന്‍ താനും ഫഹദും ഇപ്പോള്‍ അടുത്ത സുഹൃത്തുകളാണെന്നും ഒരുപാട് കാര്യങ്ങള്‍ തങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും വെളിപ്പെടുത്തുന്നു.
