ആരോപണ വിധേയരെ നിഷ്കളങ്കരായി സമൂഹം കരുതുമ്പോള്‍ തങ്ങള്‍ അതിജീവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ പല സ്ത്രീകളും മടിക്കുമെന്നും സോനം പറഞ്ഞു.

ദില്ലി: ഇരകളെ വിശ്വസിക്കണമെന്ന് ബോളിവുഡ് അഭിനേത്രി സോനം കപൂർ. മീ ടൂ ക്യാമ്പയിനെക്കുറിച്ചും സ്ത്രീകളുടെ വെളിപ്പെടുത്തലിനോടുള്ള
സമൂഹത്തിന്‍റെ കാഴ്ചപ്പാടിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു സോനം കപൂർ. ഒരു അഭിനേത്രിയുടെ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ ഒരു സ്ത്രീയില്‍ നിന്നും കേട്ട മോശം പരാമര്‍ശം സോനം പങ്കുവെക്കുകയും ചെയ്തു.

അഭിനേതാവിനെതിരെയുണ്ടായ വെളിപ്പെടുത്തലിന് പിന്നാലെ ഒരു സ്ത്രീ പറഞ്ഞത് ആയാള്‍ സുന്ദരനാണ്, അങ്ങനെ ചെയ്യേണ്ട ആവശ്യം അയാള്‍ക്കെന്താണെന്നാണ്. ഇരയെ വിശ്വസിക്കാത്ത നമ്മുടെ സമൂഹത്തിന്‍റെ സ്വഭാവമാണിതെന്നാണ് സോനത്തിന് ഇതിനെക്കുറിച്ച് പറയാനുള്ളത്. കുറ്റവാളിയാണെന്ന് തെളിയുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. എന്നാല്‍ ഇരയെ അവിശ്വാസത്തിലെടുക്കുന്നത് ശരിയല്ല. സ്ത്രീകളുടെ അനുഭവങ്ങളെ നിന്ദിക്കാനും മീ ടൂ മൂവ്മെന്‍റിനെ ഇല്ലാതാക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സോനം ആരോപിച്ചു. 

തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്താനായി നിയമം അറിയുന്നവരെ ചില പുരുഷന്മാര്‍ കൂട്ടുപിടിക്കും, ഇരകളെ സ്ത്രീവിരുദ്ധര്‍ അധിക്ഷേപിക്കും. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ മൂവ്‍മെന്‍റിനെ ചിലര്‍ കൂട്ടുപിടിക്കുമെന്നും സോനം ആരോപിച്ചു. ആരോപണ വിധേയരെ നിഷ്കളങ്കരായി സമൂഹം കരുതുമ്പോള്‍ തങ്ങള്‍ അതിജീവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ പല സ്ത്രീകളും മടിക്കുമെന്നും സോനം പറഞ്ഞു.