അന്തരിച്ച നടനും നര്‍ത്തകനുമായ രാജാറാമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മകള്‍ സൗഭാഗ്യ. ഫേസ്ബുക്കിലൂടെയാണ്, നടി താരകല്യാണിന്റെ മകളായ സൗഭാഗ്യയുടെ പ്രതികരണം.

സൗഭാഗ്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് ഡെങ്കിപ്പനിയായിരുന്നില്ല. വൈറല്‍പ്പനി മാത്രമായിരുന്നു. പിന്നീട് നെഞ്ചില്‍ ഇന്‍ഫെക്ഷനായി. തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് അവയവങ്ങളെല്ലാം തകരാറിലായി. ഒന്‍പത് ദിവസമാണ് അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. ദയവ് ചെയ്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. അച്ഛന് വിജയകരമായൊരു കരിയര്‍ ഉണ്ടായിട്ടുണ്ടാവില്ല. എന്നാല്‍, അദ്ദേഹം ജനപ്രിയനായിരുന്നില്ലെന്ന് അതിന് അര്‍ഥമില്ല. ഇരുപതോളം ജനപ്രിയ ടെലിവിഷന്‍ പരമ്പരകളില്‍ നായകനായിരുന്നു. മിനി സ്‌ക്രീനിലെ ഏറ്റവും സുന്ദരനായ നായികനായിരുന്നു അദ്ദേഹം എന്നു പറയുന്നതിൽ അഭിമാനമേയുള്ളൂ. അദ്ദേഹത്തിന് വിജയകരമായ ഒരു കരിയര്‍ ഉണ്ടായിട്ടുണ്ടാവില്ല. എന്നാല്‍, ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ചെറിയ വേഷങ്ങള്‍ ചെയ്തതുകൊണ്ട് അദ്ദേഹം ജനപ്രിയനായ ഒരു നടനായിരുന്നില്ലെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ വല്ലാത്ത വിഷമമാണ് ഉണ്ടാവുന്നത്. അമ്മയെ സംബന്ധിച്ചിടത്തോളം സ്നേഹനിധിയായ ഭര്‍ത്താവായിരുന്നു. അച്ഛാ, നിങ്ങള്‍ എന്നും എന്റെ ഹീറോ ആയിരിക്കും.