ചെന്നൈ: ഇളയ മകൾ സൗന്ദര്യയുടെ വിവാഹാഘോഷങ്ങളുടെ തിരക്കിലാണ് സൂപ്പർസ്റ്റാർ രജനികാന്ത‌ും കുടുംബവും. ശനിയാഴ്ച രജനിയുടെ പോയ്സ് ഗാർഡനിലെ വീട്ടിൽ വച്ചാണ് പ്രീ വെഡ്ഡിങ് റിസപ്ഷനും മെഹന്ദി ചടങ്ങുകളും നടന്നത്. ബന്ധുകളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.  

ആഘോഷങ്ങള്‍ക്കിടയിലും തൻറെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട പുരുഷന്‍മാരെ ഓർക്കുകയാണ് സൗന്ദര്യ. രജനികാന്തിനും  മകനും വിശാഖനുമൊപ്പമുള്ള ചിത്രങ്ങളാണ് സൗന്ദര്യ പങ്കുവച്ചത്. 'എന്റെ ജീവിതത്തിലെ മൂന്നു പ്രധാനപ്പെട്ട പുരുഷന്മാര്‍. എന്റെ പ്രിയപ്പെട്ട അച്ഛന്‍, എന്റെ മകന്‍, ഇപ്പോള്‍ നീയും എന്റെ വിശാഖന്‍', എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ സൗന്ദര്യ പങ്കുവച്ചത്. റിസപ്ഷൻ ആഘോഷങ്ങൾക്കിടയിൽനിന്ന് പകർത്തിയ ഇവരുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള സൗന്ദര്യയുടെ ട്വീറ്റ് ഇപ്പോള്‍ വൈറലാകുകയാണ്.

നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരൻ. ഫെബ്രുവരി 11 ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടല്‍ ദി ലീല പാലസിൽ വച്ചാണ് ഇരുവരുടെയും വിവാഹം. രജനികാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. പ്രമുഖ വ്യവസായി അശ്വിന്‍ റാംകുമാറാണ് സൗന്ദര്യയുടെ ആദ്യ ഭർത്താവ്.