കൊച്ചി: മലയാള സിനിമകള്‍ മള്‍ട്ടിപ്ലക്സുകള്‍ക്ക് നല്‍കാതെയിരുന്ന സമരം പൊളിഞ്ഞു. പുതിയ മലയാള ചിത്രമായ ഗോദ മള്‍ട്ടിപ്ലെക്സുകളില്‍ നല്‍കി തുടങ്ങി. വി.കെ പ്രകാശിന്‍റെ ഇന്ന് റിലീസായ കെയര്‍ഫുള്ളും മള്‍ട്ടിപ്ലക്സുകളില്‍ എത്തി. വരുമാന നഷ്ടമാണ് ഈ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെ മള്‍ട്ടിപ്ലക്സ് ബഹിഷ്കരണ സമരത്തില്‍ നിന്നും പിന്‍മാറുവാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ വാരമാണ് ഗോദ പുറത്തിറങ്ങിയത്. തിയറ്റര്‍ വിഹിതം കുറവാണെന്ന് പറഞ്ഞാണ് നിര്‍മ്മാതാക്കളും വിതരണക്കാരും സംസ്ഥാനത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സുകളില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിച്ചത്. എന്നാല്‍ ഇത് വലിയ നഷ്ടം ഇപ്പോള്‍ തിയറ്ററിലുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാക്കിയതോടെയാണ് അവര്‍ തീരുമാനം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.