Asianet News MalayalamAsianet News Malayalam

ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളി

sreejith Nivin Pauly
Author
First Published Jan 13, 2018, 1:50 PM IST

തിരുവനന്തപുരം: സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ധിച്ചു കൊന്ന പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന്‍റെ പരിശ്രമം സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരുടെയും മുന്നിലേയ്ക്ക് എത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ശ്രീജിത്തിന് പിന്തുണയുമായി കേരളത്തിലെ സാധാരണ ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ നടന്‍ നിവിന്‍ പോളിയും ശ്രീജിത്തിന് പിന്തുണ അറിയിച്ചു. 

'തീവ്രവേദനയുടെ 762 ദിവസങ്ങള്‍, ഹൃദയം തകരുന്ന കാഴ്ചയാണിത്. ഈ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ സ്വന്തം സഹോദരന്റെ മരണത്തിനുള്ള യഥാര്‍ത്ഥ കാരണം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കണം. ഈ പരിശ്രമത്തില്‍ നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ. നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്.' നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ധിച്ചു കൊന്നതില്‍ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുകയാണ് ശ്രീജിത്തിന്റെ നിരാഹാര സമരം. പോലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്‍റെ പേരിലായിരുന്നു ലോക്കപ്പ് മര്‍ദ്ധനം. മര്‍ദ്ധനത്തില്‍ സഹോദരന്‍ കൊല്ലപ്പെട്ടു.

പക്ഷേ അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ അന്വേഷണത്തില്‍ പോലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇതിനേത്തുടര്‍ന്നാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ശ്രീജിത്തിനെക്കുറിച്ച് ചെയ്ത വീഡിയോയിലൂടെയാണ് ശ്രീജിത്തിന്‍റെ സമരം വീണ്ടും സൈബര്‍ ലോകം ഏറ്റെടുത്തത്.

Follow Us:
Download App:
  • android
  • ios