അത് വരെ കസേരിയില്‍ ചായ കുടിച്ച് ഇരുന്ന ശേഷം അപ്പുറത്ത് പോയി ഒരു ഷോട്ട് എടുത്തപ്പോള്‍ മാണിക്യനെ മാത്രമേ കണ്ടുള്ളൂ. അപ്പോള്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് ഒന്ന് തൊഴുതു, വേറൊന്നും ചെയ്യാനില്ലായിരുന്നു. പിന്നീട് അങ്ങോട്ട് ഒരു പകര്‍ന്നാട്ടമായിരുന്നു

പാലക്കാട്: ഒടിയന്‍റെ പ്രതികാരവും ജീവിതവും വിസ്മയപ്പെടുത്താന്‍ എത്തുന്ന ദിവസത്തിനായി മലയാള സിനിമ കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായി വി .എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബ്രാഹ്മാണ്ട ചിത്രമായ ഒടിയന്‍റെ ട്രെയിലര്‍ എത്തിയപ്പോള്‍ മുതല്‍ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ റിലീസ് ദിവസത്തിനായി നോക്കിയിരിക്കുന്നത്.

ഇതിനിടെ ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ക്കെല്ലാം വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഒടിയന്‍റെ കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോഴുണ്ടായ സന്ദര്‍ഭം സംവിധായകന്‍ വിവരിക്കുകയാണ്. ഒരു സ്വകാര്യ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്‍റെ ഒടിയനിലേക്കുള്ള മാറ്റത്തെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്.

താനും തിരക്കഥയൊരുക്കിയ ഹരികൃഷ്ണനും കൂടെയാണ് കഥ പറയാന്‍ മോഹാന്‍ലാലിന്‍റെ വീട്ടില്‍ ചെല്ലുന്നത്. ലാലേട്ടന്‍ ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് കഥ കേള്‍ക്കുകയാണ്. കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, കാലുകളിലെയും കെെകളിലേയും വിരലുകളുടെ ചലനത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പുരികത്തിന്‍റെ ചെറിയ ചെറിയ അനക്കങ്ങളില്‍ നിന്നും ഒടിയന്‍ മാണിക്യനിലേക്ക് അപ്പോള്‍ തന്നെ അദ്ദേഹം പരകായപ്രവേശം നടത്തിയതായി മനസിലായി.

പിന്നെ കൂടുതലായി ഒന്നും പറയേണ്ടി വന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. പിന്നീട് ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ആദ്യ ഷോട്ട് എടുത്തത് കാശിയിലാണ്. അദ്ദേഹം കുറച്ച് നനഞ്ഞിരിക്കുന്ന രീതിയില്‍ ഗംഗയില്‍ നിന്ന് കയറി വരുന്ന സീനായിരുന്നു. കയറി വന്ന ശേഷം ക്യാമറയിലേക്ക് അദ്ദേഹം തിരിഞ്ഞ് നോക്കണമായിരുന്നു.

ഒറ്റ ടേക്കിലാണ് ആ സീന്‍ എടുത്തത്. ആ തിരിഞ്ഞ് നോട്ടത്തില്‍ തന്നെ മനസിലായി അത് മോഹന്‍ലാലല്ല, ഒടിയന്‍ മാണിക്യനാണെന്ന്. അത് വരെ കസേരിയില്‍ ചായ കുടിച്ച് ഇരുന്ന ശേഷം അപ്പുറത്ത് പോയി ഒരു ഷോട്ട് എടുത്തപ്പോള്‍ മാണിക്യനെ മാത്രമേ കണ്ടുള്ളൂ.

അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് ഒന്ന് തൊഴുതു, വേറൊന്നും ചെയ്യാനില്ലായിരുന്നു. പിന്നീട് അങ്ങോട്ട് ഒരു പകര്‍ന്നാട്ടമായിരുന്നു. ഒടിയന്‍റെ വിജയവും പരാജയവുമൊക്കെ പ്രേക്ഷകരുടെ കെെയിലാണ്. എന്നാല്‍, ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്നു ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

ബോളിവുഡിന് പുറത്ത് മികച്ച ഒരു സിനിമ ലോകം ഇന്ത്യയിലുണ്ടെന്ന് ഒടിയനിലൂടെ ലോകം അറിയാന്‍ പോവുകയാണ്. കേരളജനത ഒന്നാകെ ഒടിയനായി കാത്തിരിക്കുന്നു.. ഒടിയന്‍ മാണിക്യന്‍ ആരെയും ഭയപ്പെടുത്താന്‍ പോകുന്നില്ല, നിങ്ങളെ രസിപ്പിക്കാനാണ് പോകുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഒടിയനിലേത്. പഴയ മഞ്ജുവിനെ കാണാനാകും. മലയാള സിനിമയിലെ ഏറ്റവും നല്ല ഫീമെയില്‍ റോളുകളില്‍ ഒന്നാണത്. ഭീമനും ദുര്യോധനനും തമ്മിലുള്ള പോരാട്ടം പോലെയാണ് സ്ക്രീനില്‍ മോഹന്‍ലാലും പ്രകാശ് രാജും വരുമ്പോള്‍ തോന്നുക എന്നും സംവിധായകന്‍ വ്യക്തമാക്കി.

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയൻ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിത്രം ഡിസംബർ 14ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ എത്തും.