കണ്ണൂര്‍: അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളതെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. സഹപ്രവര്‍ത്തകനായ ദിലീപിനെപ്പറ്റി അഭിപ്രായം പറഞ്ഞതിനാണ് തന്റെ വീടിന് കരിഓയില്‍ ഒഴിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. ഞാനറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെത്തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നുംശ്രീനിവാസന്‍ പറഞ്ഞു.

നിര്‍മലഗിരി കോളേജിലെ 1973-76 ബാച്ച് ബി.എ. ഇക്കണോമിക്സ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീനിവാസന്‍. അക്രമത്തിനിരയായ നടിയോട് തനിക്കിപ്പോഴും അനുഭാവമാണുള്ളത്. വേദനിപ്പിക്കുന്ന സംഭവമുണ്ടായപ്പോള്‍ ആദ്യമായി നടിയെ വിളിച്ചന്വേഷിച്ചതിലൊരാള്‍ ഞാനായിരുന്നു. എന്നാല്‍, ദിലീപുമായും തനിക്ക് ഏറെ നാളത്തെ ബന്ധമാണുള്ളത്. 

സൗന്ദര്യവും സാമ്പത്തികശേഷിയുമില്ലാതിരുന്ന താന്‍ ഏറെ കഷ്ടപ്പെട്ടാണ് സിനിമയില്‍ പിടിച്ചുനിന്നത്. മലയാളത്തിലെ ആദ്യകാലത്തെ പല സംവിധായകരും തന്നെനോക്കി പരിഹസിച്ചവരാണ്. കമ്മട്ടിപ്പാടം പോലുള്ള സിനിമയിലൂടെ വിനായകനെപ്പോലുള്ളവര്‍ ആദരിക്കപ്പെടുമ്പോള്‍ താനാണ് ഏറെ സന്തോഷിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.