വി എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി ഇന്നലെ എറണാകുളത്തെ ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് ശ്രീനിവാസന്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് രാവിലെ ഒന്‍പതേമുക്കാലോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇതേത്തുടര്‍ന്ന് ഇന്നലെ നല്‍കിയിരുന്ന വെന്റിലേറ്റര്‍ സഹായം നീക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും.

ആശുപത്രിയിലുള്ള ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചുവെന്നാണ് വിവരം. മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍, നേരത്തേ നിശ്ചയിച്ചതനുസരിച്ച് അഭിനയിക്കാന്‍ പോകണമെന്ന് ശ്രീനിവാസന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ പിന്തിരിപ്പിക്കുകയായിരുന്നു. സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വി എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി ഇന്നലെ എറണാകുളത്തെ ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് ശ്രീനിവാസന്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് രാവിലെ ഒന്‍പതേമുക്കാലോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ട് ഉണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി. ഐസിസിയു (ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റ്)വിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നാലെ വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവിലേക്ക് നീക്കിയിരുന്നു. വൈകുന്നേരത്തോടെ ശ്രീനിവാസന്റെ ആരോഗ്യനിലയിലെ പുരോഗതി വിലയിരുത്തി, ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനും പുറത്തുവിട്ടിരുന്നു.