സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രമെത്തുന്നത്. സിനിമയുടെ തിരക്കഥയും നിർമ്മാണവും പോൾ തോമസ് ആൻഡേഴ്സൺ തന്നെയാണ്

വിഖ്യാത അമേരിക്കൻ ഫിലിംമേക്കർ പോൾ തോമസ് ആൻഡേഴ്സൺ, ലിയോണാർഡോ ഡികാപ്രിയോയെ നായകനാക്കി ഒരുക്കുന്ന 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another ) എന്ന ചിത്രത്തിനെ പ്രശംസിച്ച് സ്റ്റീവൻ സ്പീൽബർഗ്. ഭ്രാന്തമായ സിനിമ എന്നാണ് സ്റ്റീവൻ സ്പീൽബർഗ് ചിത്രത്തെ വിശേഷിപ്പിച്ചത്. "നിങ്ങൾ ഇതുവരെ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലെ ആക്ഷനെക്കാളധികം ഫൈറ്റ് രംഗങ്ങൾ ഈ സിനിമയുടെ ആദ്യ ഒരു മണിക്കൂറിൽ ഉണ്ട്. അത്രയ്ക്ക് അത്ഭുതപ്പെടുത്തുന്നതാണ് ഈ ചിത്രം." എന്നായിരുന്നു പോൾ തോമസ് ആൻഡേഴ്‌സണുമായുള്ള സംഭാഷണത്തിനിടെ സ്റ്റീവൻ സ്പീൽബർഗ് പറഞ്ഞത്.

സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രമെത്തുന്നത്. സിനിമയുടെ തിരക്കഥയും നിർമ്മാണവും പോൾ തോമസ് ആൻഡേഴ്സൺ തന്നെയാണ്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

Scroll to load tweet…

ബൂഗി നൈറ്റ്സ്, മാഗ്‌നോളിയ, ദേർ വിൽ ബി ബ്ലഡ്, ദി മാസ്റ്റർ, ഫാന്റം ത്രെഡ് തുടങ്ങീ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മികച്ച ചിത്രങ്ങൾ ലോകസിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് പോൾ തോമസ് ആൻഡേഴ്സൺ. അതുകൊണ്ടുതന്നെ ഡികാപ്രിയോയുമായി പോൾ തോമസ് ആൻഡേഴ്സൺ ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ലോകസിനിമാ പ്രേമികൾ ചിത്രത്തെ നോക്കികാണുന്നത്.

മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ' എന്ന ചിത്രത്തിന് ശേഷം ഡികാപ്രിയോ നായകനായെത്തുന്ന ചിത്രം കൂടിയാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ. അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 115 മില്യൺ ഡോളർ ആണ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ്. ഐ മാക്സിൽ റിലീസ് ചെയ്യുന്ന പോൾ തോമസ് ആൻഡേഴ്സന്റെ ആദ്യ ചിത്രം കൂടിയാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ. കഴിഞ്ഞ മാസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 1990 ൽ പുറത്തിറങ്ങിയ തോമസ് പിഞ്ചോണിന്റെ വൈൻലാന്റ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്ന് നേരത്തെ വെറൈറ്റി മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്തായാലും പോൾ തോമസ് ആൻഡേഴ്സൺ- ഡികാപ്രിയോ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ഒന്നടങ്കം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News