പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഓരോ ആരാധകനും ആകാംക്ഷയോടെയാണ് പ്രണവിന്റെ സിനിമയെ വരവേറ്റത്. അതുപോലെ അമ്മ സുചിത്രയും അല്പം ടെന്‍ഷനോടുകൂടിയാണ് ചിത്രം കാണാനായി തിയേറ്ററില്‍ എത്തിയത്. ആദ്യ ഷോയും രാത്രി ഷോയുമായി മകന്റെ സിനിമ കണ്‍നിറയെ കണ്ടു. ജനുവരി 26 ആണ് സിനിമ റിലീസ് ചെയ്തത്. സിനിമ കണ്ടതിന് ശേഷം സുചിത്ര പ്രണവിനെ കുറിച്ച് സംസാരിക്കുന്നു.

 "ആദി കണ്ട് തിയേറ്ററില്‍ നിന്നറിങ്ങിയപ്പോള്‍ പ്രണവിന്റെ അമ്മ എന്ന് പറയുന്നത് കേട്ടപ്പോള്‍ എനിക്കുണ്ടായ അഭിമാനം ചെറുതല്ല. പ്രണവ് ഞാന്‍ വളര്‍ത്തിയ കുട്ടിയാണ്. അവനെ എന്റെ കഴിവുകള്‍ക്കകത്ത് നിന്ന് വളര്‍ത്തി എന്ന അഭിമാനമുണ്ട്. അപ്പു മനസ്സ് തുറക്കുന്നതില്‍ അച്ഛനേക്കാള്‍ പതുക്കെയാണ്. റിലീസ് ചെയ്യുന്നതിന്റെ രണ്ടുദിവസം മുന്‍പ് തന്നെ അപ്പു ഹിമാലയത്തിലേക്ക് പോയി. ഫോണ്‍ റേഞ്ച് പോലുമില്ല. റിലീസ് ദിവസം ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ സിനിമ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഗുഡ് ഗുഡ് എന്ന് രണ്ടു തവണ പറഞ്ഞു. പിന്നെ അവന്‍ സിനിമയെ കുറിച്ച് സംസാരിച്ചതേയില്ല. അപ്പു ആരുടെ അടുത്തും ഇടിച്ച് കേറില്ല. ഒരു നാണക്കാരന്‍ കുട്ടിയായിരുന്നു. പക്ഷേ അടുത്താല്‍ അവന്‍ എന്തിനും അവരോടൊപ്പമുണ്ടാകും. വായനയും സംഗീതവും യാത്രയുമാണ് അവന്റെ ലോകം. അവന്റെ വഴി അവന്‍ തന്നെ തിരഞ്ഞെടുത്തു. അതു ശരിയായ വഴിയാണെന്ന് ഒരമ്മ എന്ന നിലയില്‍ എനിക്ക് തോന്നുന്നു."

സിനിമ റിലീസാവുന്ന ദിവസം ലാലേട്ടന്‍ നല്ല ടെന്‍ഷനിലായിരുന്നു. സന്തോഷമായാലും സങ്കടമായാലും ലാലേട്ടന്‍ വല്ലാതെ പുറത്ത് കാണിക്കില്ല. അന്ന് ലാലേട്ടന്‍ മുംബൈയിലായിരുന്നു. അവിടെ നിന്ന് പതിവില്ലാതെ പലതവണ വിളിച്ചു. അവന്‍ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നതായി പറയുകയും ചെയ്തു. മോള്‍ക്ക് സിനിമ കാണാനായിട്ടില്ല. അവള്‍ അമേരിക്കയിലാണ്. അവരു രണ്ട് പേരും നല്ല കൂട്ടാണെന്നും സുചിത്ര പറഞ്ഞു.