സല്‍മാന്‍ ഖാന്‍ - അനുഷ്‌ക ശര്‍മ്മ ജോഡികള്‍ ഒന്നിച്ച സുല്‍ത്താന്‍ സൂപ്പര്‍ മെഗാ ഹിറ്റിലേക്ക്. ആദ്യ മൂന്നു ദിവസം കൊണ്ട് ഈ ചിത്രം നേടിയത് 100 കോടി രൂപയുടെ കളക്ഷനാണ്. കളക്ഷന്‍ റെക്കോര്‍ഡിന്റെ കാര്യത്തില്‍ ബജ്റംഗി ഭൈജാന്റെ നേട്ടമാണ് സുല്‍ത്താന്‍ മറികടന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബജ്റംഗി ഭൈജാന്‍ എന്ന സല്‍മാന്‍ ചിത്രവും ആദ്യ ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ ആദ്യ മൂന്നു ദിവസത്തെ കളക്ഷന്‍ പരിശോധിക്കുമ്പോള്‍, ബജ്റംഗി ഭൈജാനേക്കാള്‍ നാലര കോടി അധികമാണ് സുല്‍ത്താന്‍ നേടിയത്. സുല്‍ത്താന്‍ ആദ്യദിനം 32 കോടി രൂപയും രണ്ടാം ദിനം 38 കോടിയും മൂന്നാം ദിനം 37 കോടി രൂപയുമാണ് കളക്‌‌ട് ചെയ്‌തത്. മൂന്നു ദിവസത്തെ കളക്ഷന്‍ 107 കോടി രൂപയാണ്. ഗുസ്‌തി താരമായ നായകന്‍ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായി റിംഗിലേക്ക് തിരിച്ചുവരുന്നതാണ് സുല്‍ത്താന്റെ കഥാ പശ്ചാത്തലം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്‌ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യാഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ്. സല്‍മാന്‍ ഖാന്‍, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ക്ക് പുറമെ രണ്‍ദീപ് ഹൂഡ, അമിത് സാധ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.