റിലീസിന്റെ പിറ്റേന്ന് മുതല്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ വിശ്വാസമായിരുന്നു പേട്ടയേക്കാള്‍ മുന്നില്‍. എന്നാല്‍ തമിഴ്‌നാട് ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും രജനി ചിത്രമായിരുന്നു മുന്നില്‍.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കോളിവുഡില്‍ രണ്ട് സൂപ്പര്‍താരചിത്രങ്ങള്‍ ഒരുമിച്ച് പൊങ്കല്‍ റിലീസുകളായി തീയേറ്ററുകളിലെത്തുന്നത്. രജനീകാന്തിന്റെ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'പേട്ട'യും അജിത്തിന്റെ ശിവ ചിത്രം 'വിശ്വാസ'വും. ഒരുമിച്ച് തീയേറ്ററുകളിലെത്തിയത് ഇരുചിത്രങ്ങളുടെയും കളക്ഷനെ ബാധിക്കുമെന്ന് ഇന്റസ്ട്രിയില്‍ത്തന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നെങ്കില്‍ സിനിമാവ്യവസായത്തെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ഒരുമിച്ചുള്ള ഫെസ്റ്റിവല്‍ റിലീസുകളെന്നായിരുന്നു മറുവിഭാഗത്തിന്റെ അഭിപ്രായം.

അതെന്തായാലും രണ്ട് സിനിമകളുടെയും കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പിന്നാലെയെത്തി. റിലീസിന്റെ പിറ്റേന്ന് മുതല്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ വിശ്വാസമായിരുന്നു പേട്ടയേക്കാള്‍ മുന്നില്‍. എന്നാല്‍ തമിഴ്‌നാട് ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും രജനി ചിത്രമായിരുന്നു മുന്നില്‍. ട്വിറ്ററില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള ഗിരീഷ് ജോഹര്‍ അടക്കമുള്ള ചില അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ വിശ്വാസം ആദ്യദിനം നേടിയത് 26 കോടിയാണ്. പേട്ട നേടിയത് 23 കോടിയും. അതായത് വിശ്വാസത്തിന്റെ ഫസ്റ്റ് ഡേ കളക്ഷനേക്കാള്‍ മൂന്ന് കോടി രൂപ കുറവ്. എന്നാല്‍ ആഗോള ബോക്‌സ്ഓഫീസില്‍ പേട്ട 48 കോടി നേടിയെന്നും വിശ്വാസം പിന്നിലാണെന്നും (43 കോടി) അനലിസ്റ്റുകളില്‍ ചിലരുടെ ട്വീറ്റുകള്‍ വന്നു.

Scroll to load tweet…

തമിഴ്‌നാട് ബോക്‌സ്ഓഫീസില്‍ പൊങ്കല്‍ റിലീസുകളില്‍ വിശ്വാസമാണ് ഒന്നാമതെന്ന, ട്രേഡ് അനലിസ്റ്റുകള്‍ മുന്നോട്ടുവച്ച കണക്കിനെ ചോദ്യം ചെയ്യുകയാണ് പേട്ടയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. തമിഴ്‌നാട്ടില്‍ പേട്ട റിലീസ് ചെയ്ത അറുനൂറിലധികം തീയേറ്ററുകളിലെ കളക്ഷന്‍ നിര്‍മ്മാതാക്കളായ തങ്ങള്‍ക്കുതന്നെ ഇനിയും ലഭിച്ചിട്ടില്ലെന്നും പിന്നെങ്ങനെയാണ് ആ കണക്കുകള്‍ നിങ്ങള്‍ക്ക് ലഭിച്ചതെന്നും ബോക്‌സ്ഓഫീസ് ട്രാക്കേഴ്‌സിനോട് സണ്‍ പിക്‌ചേഴ്‌സിന്റെ ചോദ്യം. ട്വിറ്ററിലൂടെയാണ് പേട്ട നിര്‍മ്മാതാക്കളുടെ പ്രതികരണം.

ട്രാക്കേഴ്‌സ് എന്ന് വിളിക്കപ്പെടുന്നവരോട്, റിലീസ് ചെയ്ത അറുനൂറിലധികം തീയേറ്ററുളിലെ പേട്ടയുടെ കളക്ഷന്‍ ഞങ്ങള്‍ക്കുതന്നെ ഇതിനകം ലഭിച്ചിട്ടില്ല എന്നിരിക്കെ നിങ്ങള്‍ക്ക് ആ കണക്കുകള്‍ ആത്മവിശ്വാസത്തോടെ ട്വീറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ല. ആരാധകരോട്, നമ്മുടെ രണ്ട് പ്രിയ നായകന്മാരുടെയും സിനിമകള്‍ക്കൊപ്പം പൊങ്കല്‍ ആസ്വദിക്കുക. വ്യാജ പ്രചരണങ്ങളില്‍ വീഴരുത്.

Scroll to load tweet…

വിന്റേജ് രജനീകാന്തിനെ തിരിച്ചെത്തിച്ച കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയ്ക്കും അജിത്ത് നാലാമതും സിരുത്തൈ ശിവയുമായി ഒരുമിച്ച വിശ്വാസത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള മേഖലകളിലും ഈ സിനിമകള്‍ക്ക് മികച്ച ഇനിഷ്യലാണ് ലഭിച്ചത്.