അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ 'സര്‍ക്കാരി'നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ ആരോപിച്ചിരുന്നു.
വിജയ് ചിത്രം 'സര്‍ക്കാരി'നെതിരേ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനക്കുന്നതിനിടെ ചിത്രത്തിന്റെ സംവിധായകനെ തേടി പൊലീസ് എത്തിയെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാക്കള്‍. സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ വീട്ടില്‍ പൊലീസ് എത്തിയിരിക്കുന്നെന്നും അദ്ദേഹത്തിന്റെ അറസ്റ്റാണ് ലക്ഷ്യമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്യുകയായിരുന്നു. 'ബ്രേക്കിംഗ് ന്യൂസ്' എന്ന മുഖവുരയോടെയുള്ള ഈ ട്വീറ്റ് മിനിട്ടുകള്‍ക്കുള്ളില്‍ ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തു. എന്നാല്‍ ഇത് സണ്‍ പിക്‌ചേഴ്‌സ് സിനിമയുടെ പബ്ലിസിറ്റിക്കുവേണ്ടി ചെയ്യുന്നതാണെന്നും ട്വീറ്റ് വസ്തുതാവിരുദ്ധമാണെന്നും ട്വിറ്ററില്‍ തന്നെ ആക്ഷേപമുയര്‍ന്നു.
എ ആര്‍ മുരുഗദോസിന്റെ മാനേജരോട് തങ്ങള്‍ സംസാരിച്ചുവെന്നും പൊലീസ് എത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ സംരക്ഷണത്തിനായാണെന്ന് അറിയിച്ചുവെന്നും ദി ന്യൂസ് മിനിറ്റ് ന്യൂസ് പോര്‍ട്ടലിന്റെ തമിഴ്‌നാട് ബ്യൂറോ ചീഫ് പ്രിയങ്ക തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. വിരുഗമ്പാക്കം പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും പ്രിയങ്ക പറയുന്നു. മുരുഗദോസിനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ അറസ്റ്റിന്റെ വിഷയം ഉദിക്കുന്നില്ലെന്നും ന്യൂസ് മിനിറ്റിനോട് പൊലീസ് അറിയിച്ചെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ എതിര്‍വാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സണ്‍ പിക്‌ചേഴ്‌സ് വീണ്ടുമെത്തി. പൊലീസ് മുരുഗദോസിന്റെ വീട്ടിലെത്തി അദ്ദേഹത്തെ അന്വേഷിച്ചുവെന്നും അവിടെ ഇല്ലായിരുന്നതിനാല്‍ തിരിച്ചുപോയെന്നുമായിരുന്നു അടുത്ത ട്വീറ്റ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ 'സര്‍ക്കാരി'നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ തീയേറ്ററുകളിലുള്ള ചിത്രത്തില്‍നിന്നും വിവാദപരമായ രംഗങ്ങള്‍ ഒഴിവാക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടിയുടെ ചില മന്ത്രിമാര്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിജയ് ഒരു നക്സലൈറ്റ് ആണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണെന്നുമായിരുന്നു തമിഴ്നാട് നിയമ മന്ത്രി സി വി ഷണ്‍മുഖത്തിന്റെ പ്രതികരണം.
