നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി സുനില്‍കുമാര്‍ ദിലീപിന് അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന്. വാഗ്ദാനം ചെയ്ത പണം തരണമെന്നാണ് കത്തില്‍ ആവശ്യം. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ലെന്ന് കത്തില്‍ പറയുന്നു. തനിക്കൊപ്പമുള്ള അഞ്ചുപേരെ രക്ഷിക്കണമെന്നും സുനില്‍കുമാര്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 12ന് കാക്കനാട് ജില്ലാ ജയിലിൽ നിന്ന് സുനിൽ കുമാർ ദിലീപിന് എഴുതിയ രണ്ടുപേജ് കത്താണ് പുറത്തുവന്നത്. ജില്ലാ ജയിലിന്‍റെ സീലും പേജുകളിലുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് ഇതെഴുന്നത് എന്നുപറഞ്ഞാണ് തുടങ്ങുന്നത്. നടിയുടെ കേസിൽ കീഴടങ്ങുന്നതിന് മുന്പ് താൻ കാണാൻ ശ്രമിച്ചിരുന്നു. തന്‍റെ ജീവിതം പ്രശ്നമല്ല. പക്ഷേ കൂടെയുളള അഞ്ചുപേരെ രക്ഷിച്ചെടുക്കണം. അതിന് പണം വേണം. നടിയുടെ ആളുകളും ദീലീപിന്‍റെ ശത്രുക്കളും തന്നെ വന്ന് കാണുന്നുണ്ട്. നാദിർഷയോട് താൻ കാര്യങ്ങൾ പറഞ്ഞിരുന്നു. താൻ ഇനി എന്ത് ചെയ്യണമെന്ന് ദീലീപ് തന്നെ പറയണം. ശത്രുവായിട്ടാണോ മിത്രമായിട്ടാണോ തന്നെ കാണുന്നതെന്ന് അറിയണം. സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുളള കാര്യങ്ങളൊന്നും താൻ ആരോടും പറഞ്ഞിട്ടില്ല. തരാമെന്ന് പറഞ്ഞ പണം ഇപ്പോൾ മുഴുവനായി വേണ്ടി. അഞ്ചുമാസം കൊണ്ട് തന്നാൽ മതി. താൻ നാദിർഷയെ വിളിക്കുന്പോൾ തീരുമാനം അറിയണം. ദീലീപിനെ താൻ ഇതുവരെ കൈവിട്ടിട്ടില്ല. ഇനി വേണ്ടത് ആലോചിച്ച് ചെയ്യുക. തീരുമാനം എന്തായാലും അറിയിക്കണം. താൻ ജയിലിൽ ആണെന്ന കാര്യം ഓർമ വേണം. തനിക്കനുകൂലമായാണ് നിലപാടെങ്കിൽ കത്തുകൊണ്ടുവരുന്ന വിഷ്ണുവിന്‍റെ അടുത്ത് പറയുക. ഈ കത്ത് വായിക്കുന്നത് വരെയെ താൻ ദീലീപിനെ സേഫ് ആക്കിയിട്ടുളളു. പണം ആവശ്യമായതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത്. ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാം എന്നു പറഞ്ഞാണ് സുനിൽ കുമാറിന്‍റെ കത്ത് അവസാനിക്കുന്നത്.
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ പേര് പറയിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി നടന്‍ ദിലീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് രണ്ടുമാസം മുമ്പ് തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസിലെ പുനരന്വേഷണം തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. അന്വേഷണം ചിലരുടെ ആവശ്യത്തെ തുടര്‍ന്നെന്ന പ്രചാരണം തെറ്റാണ്. തന്റെ സഹായിയെയും നാദിര്‍ഷയെയും കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാറിന്റെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തി. വിഷ്‌ണു എന്നയാളാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ തങ്ങളെ കേസില്‍പ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഡിജിപിക്ക് തെളിവുകളടക്കം പരാതി നല്‍കിയെന്നും ദിലീപ് വ്യക്തമാക്കി. സുനില്‍കുമാറുമായി ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ലെന്നും ദിലീപ് പറയുന്നു. പരാതിക്കാരന്‍ എന്ന നിലയില്‍ ഉടന്‍ മൊഴി നല്‍കും. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഗൂഢാലോചനയുണ്ട്. തന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായും ദിലീപ് പറയുന്നു.
