സുരേഷ് ഗോപി ചിത്രം തിയറ്ററുകളിലേക്ക്.
കൊച്ചി: വിവാദങ്ങൾക്ക് ഒടുവിൽ സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്കെ തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 17ന് തിയറ്റുകളിൽ എത്തും. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. ഒരുപാട് ചോദ്യങ്ങളും പരിഹാസങ്ങളും ഒക്കെ നേരിടേണ്ടി വന്നുവെന്നും എല്ലാ പരീക്ഷണങ്ങളും കടന്ന് റിലീസ് തീയതി പ്രഖ്യാപിക്കുമ്പോൾ എല്ലാവരോടും പറനായാനുള്ളത് ഒരായിരം നന്ദി മാത്രമാണെന്നും പ്രവീൺ പറയുന്നു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ജൂൺ മാസം 27ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ജെഎസ്കെ. ജൂൺ 21ന് സെൻസർ ബോർഡ് പ്രവേശനാനുമതി നിഷേധിക്കുകയും അതിനെത്തുടർന്ന് അണിയറ പ്രവർത്തകർക്ക് ഹൈക്കോടതിയിൽ പോകേണ്ടി വരികയും ചെയ്തിരുന്നു. ജാനകി എന്ന പേര് മാറ്റണമെന്നതായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ജാനകി വി. vs സ്റ്റോറ്റ് ഓഫ് കേരള എന്നാക്കി സിനിമയുടെ പേര് മാറ്റുകയും ചെയ്തു. പേരടക്കം ഏഴ് മാറ്റങ്ങളോടെയാണ് ജെഎസ്കെ തിയറ്ററിലേക്ക് എത്തുന്നത്.
പ്രവീണ്‍ നാരായണന്‍റെ വാക്കുകള്‍ ഇങ്ങനെ
ഒരുപാട് സന്തോഷത്തോടെ, അതിലുപരി ആശ്വാസത്തോടെ ഞങ്ങൾ “ ടീം JSK“ നമ്മുടെ സിനിമയുടെ റിലീസ് അനൗണ്‍സ് ചെയ്യുകയാണ്. എല്ലാവർക്കുമറിയാം ജൂൺ മാസം 27 ന് നിങ്ങൾക്കു മുന്നിൽ എത്തേണ്ടിയിരുന്ന സിനിമക്ക് ചില അപ്രതീക്ഷിത നടപടികളുടെ ഫലമായി, ജൂൺ 21 ന് പ്രവേശനാനുമതി നിഷേധിക്കപ്പെടുകയും, അതിനെത്തുടർന്നു ഞങ്ങൾക്ക് ഹൈക്കോടതിയുടെ സമക്ഷം ഹർജിയുമായി പോവേണ്ടി വരികയുമാണുണ്ടായത്. ..തികച്ചും അപ്രതീക്ഷിതവും അസാധാരണവുമായ ഒരു സാഹചര്യത്തിലൂടെയാണ് ഞങ്ങൾ ഓരോരുത്തരും കടന്നു പോയത്.
ഇതിനെല്ലാം നിങ്ങൾ സാക്ഷികളാണ്. 2018ൽ എഴുതി, 2022 നവംബർ മാസം 7ന് കൂടൽ മാണിക്യം ക്ഷേത്ര അങ്കണത്തിൽ തുടക്കം കുറിച്ച ഈ സിനിമ എന്റെ മാത്രമല്ല, എത്രയോ പേരുടെ വളരെ നീണ്ട നാളത്തെ സ്വപ്‌നങ്ങൾ, എത്രയോ കലാകാരന്മാരുടെ മോഹം, പ്രയത്നം എല്ലാം ആണ്..അതിനെല്ലാം ഉപരിയായി എന്നെ വിശ്വസിച്ചു, ഞാൻ പറഞ്ഞ കഥയിൽ വിശ്വസിച്ചു പണം മുടക്കിയ എന്റെ പ്രൊഡ്യൂസർ ഫനീന്ദ്ര കുമാർ സർ, പരീക്ഷണങ്ങളുടെ ഓരോ ഘട്ടങ്ങളിലും ഈ സിനിമ നിന്നുപോയപ്പോഴും, ഏറ്റെടുത്തു സഹായിച്ച co പ്രൊഡ്യൂസർ സേതു ചേട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് സജിത്ത് കൃഷ്ണ,കിരൺ രാജ്, ഹുമയൂൺ അലി, Dream Big Distributor സുജിത്തേട്ടൻ. etc...
ഒരുപാട് ഷെഡ്യൂള്‍ പോവേണ്ടി വന്നപ്പോഴും എന്റെ കൂടെ നിന്ന് സപ്പോര്‍ട്ട് തന്ന Amritha Mohanettan , Hari , Shamjith Ikka, ഓരോരോ അഭിനേതാക്കളും, എല്ലാത്തിനും മേലെ ഒരുപാട് തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കുമിടയിലും ഏറ്റെടുത്ത റോൾ ഭംഗിയായി,ഗംഭീരമായി ചെയ്തു വെച്ച രണ്ടു പേർ സുരേഷേട്ടനും അനുപമയും....ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രതിഷേധത്തിനു ഇറങ്ങിയ സിനിമാ സംഘടനകൾ, ബി. ഉണ്ണികൃഷ്ണൻ സർ,കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഞങ്ങൾക്കു വേണ്ടി പ്രതികരിച്ച ഓരോരുത്തരും, മാധ്യമ സുഹൃത്തുക്കൾ. അങ്ങനെ നൂറായിരം പേരുടെ കൂടെ ആണ് JSK. .
ഒരുപാട് ചോദ്യങ്ങളും പരിഹാസങ്ങളും ഒക്കെ നേരിടേണ്ടി വന്നു. നീതിക്കായി കോടതി കയറുന്ന ജാനകിയെ നിങ്ങൾക്കു മുന്നിൽ എത്തിക്കാനായി ഞങ്ങളും കോടതി കയറിയിറങ്ങി. ..പക്ഷെ അന്നേരമൊക്കെയും ധൈര്യം പകർന്ന തന്ന നിങ്ങൾ എല്ലാവരും കൂടെ ഉണ്ട് എന്ന വിശ്വാസവും, ഞങ്ങളുടെ ജാനകിയെ നിങ്ങൾ ഓരോരുത്തരും നിങ്ങളിൽ ഒരാളായി സ്വീകരിക്കും എന്ന പ്രതീക്ഷയും ഞങ്ങൾക്ക് ഓരോരുത്തർക്കുമുണ്ട്. ഇന്നിപ്പോൾ എല്ലാ പരീക്ഷണങ്ങളും കടന്നു റിലീസ് തീയതി പ്രഖ്യാപിക്കുമ്പോൾ എല്ലാവരോടും ആയി പറയാനുള്ളത് ഒരായിരം നന്ദി. കൂടെ ചേർത്ത് നിർത്തിയതിനു.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫണീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.
അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക. വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.



