സൂര്യയുടെ സിങ്കം 3യുടെ റിലീസ് വീണ്ടും നീട്ടി. വ്യാഴാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ തമിഴ്നാട്ടിലെ ജല്ലിക്കട്ട് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചത്.

ദുരൈസിംഗത്തിന്റെ വരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരും. റിപ്പബ്ലിക് ദിനത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സൂര്യ ചിത്രത്തിനായി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. ജല്ലിക്കട്ട് പ്രക്ഷോഭങ്ങള്‍ കാരണം പ്രക്ഷുബ്ധമായ തമിഴ്നാട്ടില്‍ നിലവില്‍ റിലീസ് വേണ്ടെന്ന നിലപാടിലാണ് അണിയറക്കാര്‍. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്യാനാണ് ആലോചന. നേരത്തെ പല തവണ മാറ്റിവച്ച ശേഷമായിരുന്നു ജനുവരി 26ന് സിങ്കം മൂന്നിന്റെ തീയതി കുറിച്ചത്. കേരളത്തിലടക്കം സൂര്യ പ്രചാരണത്തിന് എത്തുകയും ചെയ്തു. തമിഴ് വികാരം കണക്കിലെടുത്താണ് റിലീസ് നീട്ടാനുള്ള തീരുമാനമെന്നും, ആരാധകരോട് ഖേദം പ്രകടിപ്പിക്കുന്നതായും അണിയറക്കാര്‍ അറിയിച്ചു. സൂപ്പര്‍ഹിറ്റായ സിംഗം പരമ്പരയിലെ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തത് ഹരിയാണ്. അനുഷ്ക ഷെട്ടി , ശ്രുതിഹാസന്‍ എന്നിവരാണ് നായികമാര്‍. അതേ സമയം സിങ്കത്തിന്റെ ഭീഷണി ഒഴിഞ്ഞ ആശ്വാസത്തിലാണ് അതേ കണ്‍കള്‍ എന്ന ചിത്രത്തിന്റെ അണിയറക്കാര്‍. സിങ്കം മാറ്റിവച്ചതിന് പിന്നാലെഅതേ കണ്‍കളിന്റെ റിലീസ് വെള്ളിയാഴ്ചയില്‍ നിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ് അണിയറക്കാര്‍. രോഹിന്‍ വെങ്കിടേശന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ അതേ കണ്‍കളില്‍ മലയാളിസുന്ദരി ശിവദയാണ് നായിക.