പതിനഞ്ച് വയസ് മാത്രമുള്ള പയ്യന്‍ പൊതുസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് തുറന്ന് പറഞ്ഞ് നടി സുസ്മിത സെന്‍

മുംബൈ: പതിനഞ്ച് വയസ് മാത്രമുള്ള പയ്യന്‍ പൊതുസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് തുറന്ന് പറഞ്ഞ് നടി സുസ്മിത സെന്‍. ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെ പതിനഞ്ചു വയസ്സുകാരനില്‍ നിന്നാണ് തനിക്ക് അതിക്രമം നേരിടേണ്ടിവന്നതെന്നാണ് സുസ്മിത വെളിപ്പെടുത്തുന്നു. 

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി പൊതുവേദികളില്‍ ഞാന്‍ പ്രത്യക്ഷപ്പെടുന്നു. സുരക്ഷ സംവിധാനങ്ങളുടെ നടുവില്‍ ആയതിനാല്‍ ഞാന്‍ സുരക്ഷിതയാണെന്നാണ് പൊതുവിലുള്ള ധാരണ. പക്ഷെ ഞാന്‍ ഒന്ന് പറയട്ടെ പത്തു ബോഡിഗാര്‍ഡുകള്‍ കൂടെ ഉണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്‍മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. സുസ്മിത പറഞ്ഞ് തുടങ്ങുന്നു.

ഒരു അനുഭവം പറയാം, ഞാന്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. വെറും പതിനഞ്ചു വയസ് മാത്രമുള്ള കുട്ടി അവനെന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. ഇത്രയും ആളുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകില്ലെന്ന ധാരണയിലായിരുന്നു അവന്‍. 

പക്ഷെ ഞാന്‍ ഒന്ന് പറഞ്ഞോട്ടെ ഇങ്ങനെ ഉള്ള സമയങ്ങളിലാണ് സ്വയം രക്ഷയ്ക്ക് നമ്മള്‍ എന്തെങ്കിലും അറിഞ്ഞിരിക്കണമെന്ന ബോധം എനിക്കുണ്ടായത്.ആ പയ്യന്‍റെ അതിക്രമം തുടര്‍ന്നപ്പോള്‍, പിറകില്‍ നിന്നും ഞാന്‍ അവന്‍റെ കൈ പിടിച്ചു എന്‍റെ മുന്നിലേയ്ക്ക് കൊണ്ടുവന്നു. അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി..ഒരു കൊച്ചു കുട്ടി. സാധാരണ ഇത്തരം ഒരു മോശം പ്രവൃത്തി ഉണ്ടായാല്‍ ഞാന്‍ അതിനെതിരേ നടപടി എടുക്കേണ്ടതാണ്. പക്ഷേ അവന് വെറും പതിനഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം. 

ഞാന്‍ അവന്‍റെ കഴുത്തിന് പിടിച്ചു കൊണ്ട് മുന്നോട്ടുനടന്നു. കാണുന്നവര്‍ കരുതിയത് ഞാന്‍ അവനോടു സംസാരിക്കുകയാണെന്നാണ്. എന്നിട്ട് പറഞ്ഞു. 'ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാല്‍ നിന്‍റെ ജീവിതം തന്നെ ഇല്ലാതാകും'..എന്നാല്‍ അവന്‍ തെറ്റ് നിഷേധിച്ചു കൊണ്ടേയിരുന്നു. തെറ്റ് ചെയ്താല്‍ അത് സമ്മതിക്കണമെന്ന് പറഞ്ഞ് ഞാന്‍ എന്‍റെ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ അവന്‍ തെറ്റ് മനസിലാക്കി ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും അങ്ങനെ ആരോടും ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു. 

അവന് തെറ്റ് മനസിലായിട്ടുണ്ടാകും, എന്നാല്‍ നമ്മുടെ രാജ്യത്തെ മുതിര്‍ന്ന പുരുഷന്മാര്‍ ഇന്ന് വളരെ ഭീകരമായ കൂട്ടബലാത്സംഗങ്ങളിലും മറ്റും വിനോദം കണ്ടെത്തുന്നു. അവരെ തൂക്കിലേറ്റണം. യാതൊരു ദാക്ഷിണ്യമോ സംശയമോ കൂടാതെ തന്നെ...അതില്‍ ദയയുടെ ഒരു പരിഗണന പോലും നല്‍കേണ്ടതില്ല'- സുസ്മിത പറഞ്ഞു.