കൊച്ചി: സീറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളിലും ഇനി സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കില്ല. സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റേതാണു തീരുമാനം. ഇതു സംബന്ധിച്ചു സഭാ കാര്യാലയത്തില്‍നിന്നു പള്ളി വികാരിമാര്‍ക്കു നിര്‍ദേശം നല്‍കി. ഗുഡ്‌ന്യൂസ്, ശാലോം തുടങ്ങിയ കത്തോലിക്കാ ചാനലുകളുടെ പരിപാടികള്‍ ചിത്രീകരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണു സിനഡ് തീരുമാനം.
റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വൈദികരെയും അവഹേളിക്കുന്നതാണെന്നു വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണു സിനഡ് തീരുമാനം. പള്ളിയെ ഉപയോഗിച്ചു െവെദികരെ താറടിക്കുന്നതു വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു. ആത്മീയതയ്‌ക്കെതിരായ സന്ദേശങ്ങള്‍ നല്‍കാന്‍ പള്ളികളെ ഉപയോഗിക്കുന്നതായും സിനഡ് വിലയിരുത്തി. ചിത്രീകരണത്തിനായി അള്‍ത്താരയും സക്രാരിയും രൂപക്കൂടുകളും വരെ സിനിമക്കാര്‍ ഉപയോഗിച്ചിരുന്നു.
ആരാധനാലയമെന്ന പരിഗണനപോലും നല്‍കാതെയാണു പലരും പള്ളിക്കകത്തു പെരുമാറിയത്. ചെരുപ്പിട്ടു അള്‍ത്താരയില്‍ കയറുന്നതായും മദ്യവും സിഗററ്റവും മറ്റും പള്ളിക്കകത്തു കയറ്റുന്നതായും കണ്ടെത്തി. എല്ലാ രൂപതകളും സിനിമ, സീരിയല്‍ ചിത്രീകരണത്തിനു പള്ളി വാടകയ്ക്ക് കൊടുത്തിരുന്നു. സിനിമാക്കാര്‍ക്കു പള്ളിയും വിശുദ്ധ വസ്തുക്കളും വാടകയ്ക്കു കൊടുക്കുന്നത് പാലാ രൂപത കഴിഞ്ഞമാസം നിര്‍ത്തിയിരുന്നു. കത്തോലിക്കാ പള്ളികള്‍ ഷൂട്ടിങ്ങിനു കിട്ടിയില്ലെങ്കില്‍ മറ്റു സഭകളെ ആശ്രയിക്കുമെന്നു ഫിലം ചേംബര്‍. യാക്കോബായ, മര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ. സഭകളുടെ പള്ളികളെ സമീപിക്കാനാണു സിനിമാ പ്രവര്‍ത്തകരുടെ തീരുമാനം.
എന്നാല്‍, കത്തോലിക്ക വൈദികരുടെ വേഷം ഉപയോഗിക്കുന്നതു തുടരും. ആവിഷ്‌കാര സ്വാതന്ത്ര്യം തടസപ്പെടുത്തിയാല്‍ എതിര്‍ക്കും.സമുദായിക വികാരം വ്രണപ്പെടുത്തുന്ന പേരോ സീനുകളോ അനുവദിക്കില്ലെന്നു കേരള ഫിലിം ചേംബര്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
''കുട്ടനാട്ടിലെ മാര്‍പാപ്പ'' എന്ന സിനിമ രജിസ്‌ട്രേഷനായി ചേംബറിലെത്തിയപ്പോള്‍, പരാതിയുണ്ടായാല്‍ ചേംബര്‍ ഉത്തരവാദിയായിരിക്കില്ലെന്നു നിര്‍മാതാവില്‍നിന്നു സത്യവാങ്മൂലം എഴുതിവാങ്ങിയിരുന്നു.
