ദീലീപിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തിരിച്ചെടുത്തത് ശരിയല്ലെന്നും ടി പി മാധവൻ

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ എ എം എം എയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയേറുന്നു. ആക്രമണത്തെ അതിജീവിച്ച നടി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശൻ എന്നിവരാണ് രാജിവച്ചത്. ഇവര്‍‌ക്ക് പിന്തുണയുമായി രാഷ്‍ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരടക്കം രംഗത്ത് എത്തിയിരുന്നു. നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പുവച്ച സംയുക്ത പ്രസ്‍‌താവനയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ടി പി മാധവനും നടിമാര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നു. എ എം എം എയുടെ മുൻ ജനറല്‍ സെക്രട്ടറിയാണ് ടി പി മാധവൻ.

നടിമാരുടെ രാജി ധീരമായ പ്രവര്‍ത്തിയാണ്. സംഘടനയില്‍ നിന്ന് പിരിഞ്ഞുപോകാൻ നാല് പെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദിക്കപെടേണ്ടതാണ്. ദീലീപിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തിരിച്ചെടുത്തത് ശരിയല്ലെന്നും ടി പി മാധവൻ പറഞ്ഞു. എ എം എം എയില്‍ നിന്ന് ഇപ്പോഴും ആള്‍‌ക്കാര്‍‌ വിളിക്കാറുണ്ട്. 5000 രൂപ പെൻഷൻ ലഭിക്കാറുണ്ടെന്നും ടി പി മാധവൻ പറഞ്ഞു.