ഇറാഖ് യുദ്ധഭൂമിയിലെ മലയാളി നഴ്‌സുമാരുടെ അതിജീവനം ഇതിവൃത്തമാക്കിയ ചിത്രം ടേക്ക് ഓഫ് പ്രദര്‍ശനത്തിനെത്തി. യുദ്ധഭൂമിയില്‍ നിന്നുള്ള രക്ഷപ്പെടലിനപ്പുറം നഴ്‌സുമാരുടെ ജീവിതമാണ് ടേക്ക് ഓഫെന്ന് പാര്‍വതിയും ഫഹദും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇറാഖിലെ തിക്രിത്തില്‍ 2014ല്‍ ഒരു സംഘം മലയാളി നഴ്‌സുമാര്‍ ഭീകരരുടെ പിടിയിലാകുന്നതും തുടര്‍ന്നുള്ള രക്ഷപ്പെടലുമാണ് ടേക്ക് ഓഫിന്‍റെ ഇതിവൃത്തം. യഥാര്‍ത്ഥ സംഭവങ്ങളുടെ തീവ്രത ചോരാതെ സംവിധായകന്‍ മഹേഷ് നായായണ്‍ ടേക്ക് ഓഫില്‍ പകര്‍ത്തയിരിക്കുന്നു. എന്നാല്‍ യുദ്ധത്തിനപ്പുറം മലയാളി നഴ്‌സുമാരുടെ ജീവിതമാണ് ചിത്രം പറയുന്നതെന്ന് നായിക പാര്‍വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗള്‍ഫിലാണ് ടേക്ക് ഓഫിന്‍റെ വലിയൊരു ഭാഗം ചിത്രീകരിച്ചത്. യുദ്ധരംഗങ്ങടക്കമുള്ളവയുടെ ചിത്രീകരണം വെല്ലുവിളിയായിരുന്നെന്ന് ചിത്രത്തില്‍ ഇന്ത്യന്‍ അംബാസിഡറുടെ വേഷം അവതരിപ്പിച്ച ഫഹദ് ഫാസില്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, പ്രകാശ് ബെല്‍വാഡാ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. യുവകഥാകൃത്ത് പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ കുടുംബവുമായി സഹകരിച്ച് ആന്‍റോ ജോസഫാണ് ടേക്ക് ഓഫ് നിര്‍മ്മിച്ചിരിക്കുന്നത്.