ചെന്നൈ: തമിഴ് സിനിമാതാരം ആര്യ വിവാഹിതനാവുന്നു. ഏറെക്കാലമായുള്ള സുഹൃത്തും അഭിനേത്രിയുമായ സയ്യേഷാ  സൈഗാളാണ് വധു. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മുപ്പത്തെട്ടുകാരനായ ആര്യയേക്കാള്‍ പതിനേഴുവയസ് കുറവാണ് സയ്യേഷായ്ക്ക്. രണ്ടു മാസത്തിനുള്ളില്‍ ഇവരുടെ വിവാഹം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങളെ ആസ്പദമാക്കി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ ആര്യക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. ഒരു തമിഴ് ചാനലില്‍ ആര്യയുടെ വധുവിനെ കണ്ടെത്താന്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടി നടത്തിയിരുന്നു. പരിപാടിയില്‍ വിജയിക്കുന്നയാളെ ആര്യ വിവാഹം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനമാണ് ആര്യ സ്വീകരിച്ചത്.

ഈ തീരുമാനം ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. മലയാളികളായ 7 മത്സരാർഥികൾ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. നടി സംഗീതയായിരുന്നു അവതാരക. ആര്യയും സയ്യേഷയും ഇരുവരും പ്രണയത്തിലാണെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു.  എന്നാല്‍ വാർത്തകളോട് ആര്യയോ സയ്യേഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം റിയാലിറ്റി ഷോയിലെ ആര്യയുടെ തീരുമാനം വീണ്ടും ചർച്ചയാവുകയാണ്