തെന്നിന്ത്യന്‍ നടിയും മലയാളിയുമായ അമല പോളിന്‍റെ പ്രണയവും വിവാഹവും വിവാഹ മോചനവും സംഭവിച്ചത് കണ്ണടച്ച് തുറക്കും വേഗത്തിലാണ്. കഥയിലെ നായകന്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയ് ആയിരുന്നു. മലയാളി ആഘോഷിച്ച ഈ കഥയുടെ പര്യവസാനം കഴിഞ്ഞ ആഴ്ചയായിരുന്നു. അതായത് കഴിഞ്ഞ ആഴ്ചയാണ് ഇരുവരും വിവാഹ മോചനം നേടിയത്.

വിവാഹ മോചന വാര്‍ത്ത കെട്ടടങ്ങും മുന്‍പാണ് അടുത്ത വാര്‍ത്ത സിനിമ ലോകത്തെ ഞെട്ടിച്ചെത്തി. വിവാഹമോചനത്തിന്റെ ഹാങ് ഓവറിലല്ല വിജയ്. അടുത്ത ജീവിത കൂട്ടുകെട്ട് ഒരുക്കുന്ന തിരക്കിലാണത്രേ.. എന്നുവെച്ചാല്‍ അമല പോളിന്റെ മുന്‍ ഭര്‍ത്താവ് എ.എല്‍. വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്നതാണ് സിനിമ ലോകത്തെ ചൂടന്‍ വാര്‍ത്ത. 

മകനു വേണ്ടി അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ എ എല്‍ അളഗപ്പനാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. ചൂടന്‍ വാര്‍ത്തയില്‍ ഞെട്ടിയത് ഒരു കാലത്ത് വിജയുടെ സ്വന്തമായിരുന്ന അമല തന്നെയാണ്. വാര്‍ത്ത കേട്ട് അമല ഷൂട്ടിങ് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2011 ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇവരുടെ പ്രണയം തളിരിട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ എഎല്‍ വിജയ് ആയിരുന്നു. തുടര്‍ന്ന് പൂത്ത് തളിര്‍ത്ത ഈ ജോഡി 2014 ജൂണ്‍ 12 ന് ഒന്നിച്ചു. പിന്നാലെ ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ പിരിയുകയായിരുന്നു. വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ വിജയുമായുള്ള സൗഹൃദം എന്നും ഉണ്ടാകുമെന്നും അമല പോള്‍ വ്യക്തമാക്കിയിരുന്നു.