ഇളയദളപതി ചിത്രം മെര്‍സലിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദീപാവലിക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് മെര്‍സല്‍
ബാഹുബലി ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ കഥ എഴുതിയ വിജയേന്ദ്ര പ്രസാദ്, യുവസംവിധായകരില്‍ കഴിവുറ്റ അറ്റ്‌ലീ, സംഗീതമാന്ത്രികനായ എ.ആര്‍ റഹ്മാന്‍ എന്നിവര്‍ ഒത്തു ചേര്‍ന്ന മെര്‍സല്‍, പേരിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ വിസ്മയം തന്നെയായിരുന്നു.
എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ ബി.ജെ.പിയെ ചൊടിപ്പിച്ചിരിക്കുകയാണിപ്പോള്‍. സിനിമയുടെ ഓരോ നിലപാടുകള്‍ക്കും ഏറെ പ്രാധാന്യമുള്ള തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മെര്‍സല്‍ ബി.ജെ.പിയുടെ കണ്ണിലെ കരടായിരിക്കുകയാണ്. മെര്‍സലില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന തീരുമാനങ്ങളായ നോട്ട് നിരോധനവും ജി.എസ്.ടിയെയും പരാജയമായി അവതരിപ്പിച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചിരിക്കുന്നത്.
നോട്ട് നിരോധനം ഇന്ത്യയിലെ ജനങ്ങളെ വലച്ചുവെന്നും, ജി.എസ്.ടി കൊണ്ടും ജനങ്ങള്‍ക്ക് ഗുണം ലഭിച്ചില്ലെന്നും ചിത്രത്തില്‍ പറയുന്നുണ്ട്. വിജയ് കഥപാത്രം ഇന്ത്യയിലെ ജി.എസ്.ടി 28 ശതമാനം വരെയാകുമ്പോള്‍ സിങ്കപ്പൂരില്‍ ഇത് ഏഴ് ശതമാനമാണെന്നും അവിടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നുമില്ലെന്നും താരതമ്യം ചെയ്യുന്നു. ഇതിനെതിരെ നിരവധി ബി.ജെ.പി നേതാക്കള്‍ ട്വിറ്റര്‍ വഴിയും നേരിട്ടും പ്രതിഷേധവുമായി എത്തി.
മെര്‍സലിലെ ചില രംഗങ്ങള്‍ ജി.എസ്.ടിയെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതായി ബി.ജെ.പി നേതാവ് സൗന്ദര്‍രാജന്‍ പ്രതികരിച്ചു. ഇന്ത്യയെയും സിങ്കപ്പൂരിനെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നാണ് ബി.ജെ.പി യുവ നേതാവ് എസ്.ജി. സുരയ്യ പ്രതികരിച്ചത്.
