ചെന്നൈ: സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിയ്ക്ക് പുറമേ 30 ശതമാനം മുന്‍സിപ്പല്‍ നികുതി കൂടി ചുമത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ തീയറ്റര്‍ സമരം. തമിഴ്‌നാട്ടിലെമ്പാടും മള്‍ട്ടിപ്ലക്‌സുകളുള്‍പ്പടെ 1100 തീയറ്ററുകള്‍ അടച്ചിടും. നിലവില്‍ സിനിമാടിക്കറ്റുകള്‍ക്ക് ചുമത്തിയ 28 ശതമാനം ജിഎസ്ടിയ്ക്ക് പുറമേ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് 30 ശതമാനം നികുതി വരെ ചുമത്താമെന്ന സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം.
58% വരെ നികുതി ചുമത്തി ടിക്കറ്റ് നിരക്ക് കൂട്ടിയാല്‍ പ്രേക്ഷകര്‍ തീയറ്ററില്‍ കയറില്ലെന്നാണ് തീയറ്ററുടമകള്‍ പറയുന്നത്. നിലവില്‍ നൂറു രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 28% വുമാണ് നികുതി. എന്നാല്‍ തെന്നിന്ത്യയില്‍ ജിഎസ്ടിയ്ക്ക് പുറമേ മുന്‍സിപ്പല്‍ ടാക്‌സ് കൂടി ചുമത്താന്‍ തീരുമാനിച്ച ഏകസംസ്ഥാനമാണ് തമിഴ്‌നാട്.
എന്നാല്‍ തമിഴ്‌നാട്ടിലെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്‌സ് കൗണ്‍സില്‍ സമരത്തിന് പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമരം ചെയ്ത് തീയറ്ററുകളടച്ചിട്ടാല്‍ നഷ്ടം കൂടുകയേ ഉള്ളൂ എന്നും സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിശാല്‍ പറഞ്ഞു.
