ഇത്തരം സൈറ്റുകളുടെ വരുമാനം ഇല്ലാതാക്കാന്‍ സാധിച്ചെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍

ചെന്നൈ: റിലീസ് ദിവസങ്ങളില്‍ തന്നെ സിനിമകളുടെ വ്യാജകോപ്പി ഇന്റര്‍നെറ്റില്‍ എത്തിക്കുന്ന തമിഴ്റോക്കേഴ്സിന് ഉടന്‍ അന്ത്യമാകുമെന്ന് സൂചന. തമിഴ്റോക്കേഴ്സിന് വരുമാനം നല്‍കുന്ന ഉറവിടങ്ങള്‍ തടയുന്നതില്‍ വിജയിച്ചുവെന്നും തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ സൈബര്‍ വിദഗ്ധന്‍ ശിവ പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള പ്രൊപ്പെല്ലര്‍, സാപ്പ് തുടങ്ങിയ പരസ്യക്കമ്പനികള്‍ ആയിരുന്നു തമിഴ്റോക്കേഴ്സിന്റെ പ്രധാന വരുമാന മാര്‍ഗം. ഇവരെ തടയാന്‍ സാധിച്ചുവെന്ന് ശിവ പറയുന്നു. 


അടുത്തിടെ തമിഴ്റോക്കേഴ്സിന്റെ അഡ്മിനില്‍ ഒരാള്‍ ധനസഹായം ആവശ്യപ്പെട്ട് ഇട്ട ട്വീറ്റ് ഇവരുടെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതാണെന്ന് ശിവ പറയുന്നു. റിലീസ് ചിത്രത്തിന്റെ തീയറ്റര്‍ കോപ്പി പുറത്ത് പോകാതിരിക്കാന്‍ തിയറ്ററുകളില്‍ സിസിടിവി നിര്‍ബന്ധമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ശിവ പറഞ്ഞു. തമിഴ്റോക്കേഴ്സിനെയും തമിഴ്ഗണ്‍ എന്ന സൈറ്റിനുമെതിരേയാണ് തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ ആദ്യനീക്കമെന്ന് ശിവ പറഞ്ഞു.

ഇത്തരത്തില്‍ വ്യാജ പതിപ്പുകള്‍ ഉണ്ടാക്കുന്നതിന് പിന്നില്‍ മാഫിയ ഇല്ലെന്നാണ് വിലയിരുത്തുന്നതെന്ന് ശിവ പറയുന്നു. ടെക്നോളജി വിദഗ്ധരായ ഒരു കൂട്ടം ആള്‍ക്കാരാണ് തമിഴ്റോക്കേഴ്സിന് പിന്നിലെന്ന് ശിവ വിശദമാക്കി. പണം മാത്രമാണ് ഇവര്‍ ലക്ഷ്യമാക്കുന്നത് ഉടന്‍ തന്നെ ഇവര്‍ ജയിലില്‍ ആകുമെന്നും ശിവ പറയുന്നു.