ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തിലെ മാണിക്യമലരായ പൂവി.... എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയ പ്രകാശ് വാര്യരെ ഇന്‍റര്‍ നെറ്റില്‍ സെന്‍സേഷനായി മാറ്റിയത്.

സിനിമാരംഗത്തുനിന്ന് പോലും ആരാധകരെ നേടാന്‍ പ്രിയക്ക് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇളയദളപതി വിജയും ഒരു അഭിമുഖത്തില്‍ പ്രിയയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ഇതാ താനും പ്രിയ വാര്യരുടെ ഫാനായെന്ന് പറഞ്ഞിരിക്കുകയാണ് തമിഴ് സപ്പൂര്‍സ്റ്റാര്‍ സൂര്യ. പ്രിയക്ക് സൂര്യയുടെ കൂടെ അഭിനയിക്കണം എന്ന് ആഗ്രഹം പറഞ്ഞിരുന്നു. അവസരം കൊടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സൂര്യ. 

"ഞാന്‍ അല്ല ആ കുട്ടിക്ക് അവസരം കൊടുക്കേണ്ടത്. പ്രിയ എനിക്കാണ് അവസരം തരേണ്ടത്. കാരണം ആ വീഡിയോ കണ്ടതിന് ശേഷം ഞാനും അവരുടെ ഒരു ഫാനായി മാറിയിരിക്കുകയാണ്"- സൂര്യ പറഞ്ഞു.