ചെന്നൈ: തമിഴ് നടി മൈന നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചെന്നൈ വിരുഗംബാക്കത്തെ വീടിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നന്ദിനി-കാര്‍ത്തിക്ക് വിവാഹം നടന്നത്. 

എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് തമിഴ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്ത രീതിയിലാണ് കാര്‍ത്തികേയന്‍റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ പിതാവുമായുള്ള പ്രശ്നങ്ങള്‍ കാരണം മാനസിക സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതാവാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. ഇതൊരു കൊലപാതമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വിജയ് ടിവിയിലെ പ്രശസ്ത സീരിയല്‍ ആയ ‘ശരവണന്‍ മീനാക്ഷി’യിലെ മൈന എന്ന കഥാപാത്രമാണ് നന്ദിനിയെ ഏറെ പ്രശസ്തയാക്കിയത്. കോമഡി പരിപാടിയായ ‘കലക്ക പോവത് യാര്‍’ എന്ന പരിപാടിയിലെ ജഡ്ജായും നന്ദിനി എത്തിയിട്ടുണ്ട്. കേഡി ബില്ല കില്ലാഡി രംഗ, വംശം തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്.