Asianet News MalayalamAsianet News Malayalam

രാഖി സാവന്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തനുശ്രീ ദത്ത; 'എന്നെ മതം മാറ്റുന്നതിനാണ് അവര്‍ ശ്രമിച്ചത്'

'രാഖി സാവന്തിനെപ്പോലെ വിദ്യാഭ്യാസമോ വ്യക്തിത്വമോ ഇല്ലാത്ത ഒരാള്‍ എന്റെ മേല്‍ സൗഹൃദം ആരോപിക്കുന്നത് തന്നെ വെറുപ്പുളവാക്കുന്നു. 2009ല്‍ ഒരു വിമാനത്താവളത്തില്‍ വച്ച് മാത്രമാണ് അവരോട് നേരിട്ട് സംസാരിച്ചിട്ടുള്ളത്.'

tanushree dutta alleges rakhi swant tried for religious conversion
Author
Mumbai, First Published Oct 29, 2018, 11:26 AM IST

ബോളിവുഡിലെ മീടൂ ആരോപണങ്ങള്‍ക്ക് തുടക്കമിട്ട തനുശ്രീ ദത്തയ്‌ക്കെതിരേ പ്രസ്താവനകളുമായി എത്തിയിരുന്നു രാഖി സാവന്ത്. ഒരു ലെസ്ബിയനായ തനുശ്രീ തന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നായിരുന്നു രാഖിയുടെ പ്രധാന ആരോപണം. നാനാ പടേക്കറിനെതിരേ തനുശ്രീ ഉന്നയിച്ച മീടൂ ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഖി ആരോപിച്ചിരുന്നു. രാഖി സാവന്തിന്റെ വാര്‍ത്താസമ്മേളനത്തിന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവര്‍ക്കെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ദത്ത. രാഖിയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളങ്ങളാണെന്നും ആകെ ഒരേയൊരു തവണയേ അവരുമായി നേരില്‍ സംസാരിച്ചിട്ടുള്ളുവെന്നും പറയുന്നു തനുശ്രീ ദത്ത. രാഖി സാവന്ത് തന്നെ സമീപിച്ചത് മതപരിവര്‍ത്തനം എന്ന ഉദ്ദേശത്തോടെയാണെന്നും.

"രാഖി സാവന്തിനെപ്പോലെ വിദ്യാഭ്യാസമോ വ്യക്തിത്വമോ ഇല്ലാത്ത ഒരാള്‍ എന്റെ മേല്‍ സൗഹൃദം ആരോപിക്കുന്നത് തന്നെ വെറുപ്പുളവാക്കുന്നു. 2009ല്‍ ഒരു വിമാനത്താവളത്തില്‍ വച്ച് മാത്രമാണ് അവരോട് നേരിട്ട് സംസാരിച്ചിട്ടുള്ളത്. പിന്നീട് അവര്‍ അടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒഴിവാക്കാനാണ് ഞാന്‍ നോക്കിയത്. എന്നാലും അവര്‍ ഞാനുമായുള്ള ആശയവിനിമയം തുടര്‍ന്നു. എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യം.

യേശുവില്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ഹിന്ദുമതത്തിലെ വിഗ്രഹപൂജ സാത്താന്‍ സേവയാണെന്നായിരുന്നു രാഖിയുടെ അഭിപ്രായം. ഇത്രയും ആയപ്പോഴേക്ക് ഞാന്‍ അവരുമായി കൃത്യമായി അകലം പാലിച്ചുതുടങ്ങി." രാഖിയെപ്പോലെ ഒരാളുടെ ഇത്തരത്തിലുള്ള ഇടപെടല്‍ കൊണ്ട് ക്രിസ്ത്യന്‍ മതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യം തോന്നിയില്ലെന്നും അതിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിസ്തുവിനെ മനസിലാക്കാനും സ്‌നേഹിക്കാനും തുടങ്ങിയതെന്നും തനുശ്രീ ദത്ത പറയുന്നു. രാഖി സാവന്ത് ഇപ്പോള്‍ തനിക്കെതിരേ നടത്തുന്ന ചെളിവാരിയെറിയലിന് കാരണം അന്നത്തെ മതപരിവര്‍ത്തന ശ്രമം പരാജയപ്പെട്ടതിനാലാണെന്നും.

"ഞാന്‍ മുന്‍പ് തല മുണ്ഡനം ചെയ്തത് ലെസ്ബിയന്‍ ആയതുകൊണ്ടും ഉള്ളാലെ പുരുഷന്‍ ആയതുകൊണ്ടും ആണെന്നായിരുന്നു രാഖിയുടെ വാദം. ഹിന്ദു, ബുദ്ധമത സംസ്‌കാരങ്ങളില്‍ ആത്മീയ താല്‍പര്യങ്ങളോടെ 'ദീക്ഷ' സ്വീകരിക്കുമ്പോള്‍ തല മുണ്ഡനം ചെയ്യാറുണ്ട്. ഇതിനെയാണ് ഹോമോസെക്ഷ്വാലിറ്റി കൊണ്ടാണ് മുടി കളഞ്ഞതെന്ന് രാഖി കണ്ടെത്തിയിരിക്കുന്നത്!" ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ തലച്ചോറിനും പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ എന്ന, രാഖിയോടുള്ള ചോദ്യത്തോടെയാണ് തനുശ്രീ ദത്ത തന്റെ വിശദീകരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

തനുശ്രീ ഒരു ലെസ്ബിയനാണെന്നും തന്നെ അവര്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നുമാണ് രാഖിയുടെ ആരോപണം. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാര്‍ട്ടികള്‍ക്കും പോയിട്ടുണ്ടെന്നും രാഖി പറഞ്ഞിരുന്നു. 'അവിടെവച്ചൊക്കെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുമായിരുന്നു തനുശ്രീ. എനിക്കും അവ ഉപയോഗിക്കാന്‍ തരുമായിരുന്നു.' തന്റെ സ്വകാര്യ ഭാഗങ്ങളില്‍ തനുശ്രീ അനുവാദമില്ലാതെ സ്പര്‍ശിച്ചിരുന്നുവെന്നും പലപ്പോഴും ബലാല്‍സംഗം എന്ന് പറയാവുന്ന തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും ആരോപിച്ചു രാഖി സാവന്ത്. മുന്‍ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആണ്‍കുട്ടിയാണെന്നും. ബോളിവുഡില്‍ ലെസ്ബിയനായ മറ്റ് നടിമാരും ഉണ്ടെന്നും തനുശ്രീയുടെ പേര് പറയുന്നത് അവര്‍ തനിക്കെതിരേ മാനനഷ്ടക്കേസ് കൊടുത്തിനാലാണെന്നും പറഞ്ഞിരുന്നു രാഖി. 

Follow Us:
Download App:
  • android
  • ios