പുറത്തിറങ്ങുക കൊലപാതക പരമ്പരകളുടെ അന്‍പതാം വാര്‍ഷികത്തിന്

ലോകമാകെ ആരാധകരുള്ള ഹോളിവുഡ് സംവിധായകന്‍ ക്വന്‍റിന്‍ ടരന്‍റിനോയുടെ പുതിയ ചിത്രത്തില്‍ നീണ്ട താരനിര. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡി കാപ്രിയോയും ബ്രാഡ് പിറ്റുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് നേരത്തേ സംവിധായകന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിലേക്ക് പുതിയൊരാള്‍ കൂടി വരുന്നു. സാക്ഷാല്‍ അല്‍ പച്ചീനോ! ഇതോടെ ഹോളിവുഡ് അടുത്ത വര്‍ഷം കാത്തിരിക്കുന്ന പ്രധാന പ്രോജക്ടുകളിലൊന്നായി മാറിയിരിക്കുകയാണ് ചിത്രം.

അറുപതുകളിലെ അമേരിക്കയില്‍ നടന്ന യഥാര്‍ഥ കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ. കുപ്രസിദ്ധ കുറ്റവാളിയായിരുന്ന ചാള്‍സ് മാന്‍സണിന്‍റെ അനുയായികള്‍ നടത്തിയ നാല് കൊലപാതകങ്ങളാണ് ചിത്രത്തിന്‍റെ വിഷയം. ഹോളിവുഡ് നടിയും സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്കിയുടെ ഭാര്യയുമായിരുന്ന ഷാരോണ്‍ ടേറ്റ് ആയിരുന്നു കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കൊലചെയ്യപ്പെടുന്ന സമയത്ത് അവര്‍ എട്ടര മാസം ഗര്‍ഭിണിയായിരുന്നു. 

ക്വന്‍റിന്‍ ടരന്‍റിനോ

മാര്‍ഗോട്ട് റോബിയാണ് ഷാരോണിന്‍റെ വേഷത്തില്‍ എത്തുന്നത്. റിക്ക് ഡാല്‍ട്ടണ്‍ എന്ന അവഗണിക്കപ്പെടുന്ന നടന്‍റെ വേഷത്തിലാണ് ഡികാപ്രിയോ. അദ്ദേഹത്തിന്‍റെ സ്റ്റണ്ട് സീനുകളിലെ ഡ്യൂപ്പ് ക്ലിഫ് ബൂത്തായി ബ്രാഡ് പിറ്റ് വരുന്നു. ഇവര്‍ രണ്ടുപേരും സിനിമയില്‍ ഷാരോണ്‍ ടേറ്റിന്‍റെ അയല്‍വാസികളാണ്. ഡികാപ്രിയോ അവതരിപ്പിക്കുന്ന നടന്‍റെ ഏജന്‍റാണ് പച്ചീനോയുടെ കഥാപാത്രം. പേര് മാര്‍ട്ടിന്‍ ഷ്വാര്‍ട്സ്.

ബര്‍ട് റെയ്നോള്‍ഡ്സ്, തിമോത്തി ഒളിഫന്‍റ്, ഡാമിയന്‍ ലൂയിസ്, എമിലി ഹിര്‍ഷ്, ഡകോട്ട ഫാനിംഗ് എന്നിവര്‍ക്കൊപ്പം ടരന്‍റിനോയുടെ സ്ഥിരക്കാരായ കര്‍ട് റസ്സല്‍, ടിം റോത്ത്, മൈക്കല്‍ മാഡ്സണ്‍ എന്നിവരൊക്കെ വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലും അഭിനയിക്കുന്നുണ്ട്. സിനിമ അവലംബിക്കുന്ന യഥാര്‍ഥ കൊലപാതകങ്ങളുടെ അന്‍പതാം വര്‍ഷത്തിലാണ് ചിത്രം തീയേറ്ററുകളിലെത്തുക. അടുത്ത വര്‍ഷം ഓഗസ്റ്റ് 19ന്. സോണിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുക.