ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ഇന്ന് രാവിലെ നടന്ന ആക്രമണം തന്‍റെ താമസസ്ഥലത്തിന് തൊട്ടടുത്തെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കാല്‍നടയാത്രക്കാര്‍ക്ക് നേരെ ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രിയങ്ക തന്നെയാണ് ട്വിറ്ററിലൂടെ ഇത് വെളിപ്പെടുത്തിയത്.
ന്യൂയോര്‍ക്കിലെ പ്രിയങ്കയുടെ താമസസ്ഥസ്ഥലത്ത് നിന്നും വെറും അഞ്ച് ബ്ലോക്കുകള്‍ക്ക് ഇപ്പുറമാണ് സംഭവം നടന്നത്. ദുരന്തത്തില്‍ പ്രിയങ്ക അനുശോചിച്ചു. ആക്രമണം നടക്കുന്നതിന് മുമ്പ് ടിവി ഷോ ക്വാന്‍റിക്കോയുടെ ചിത്രീകരണ സ്ഥലത്തായിരുന്നു പ്രിയങ്ക ചോപ്ര.
പ്രാദേശിക സമയം 3.15 നാണ് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടിലെ പുതിയ വേള്‍ഡ് ട്രേഡ് സെന്‍ററിന് സമീപം കാല്‍ നടക്കാര്‍ക്കും സൈക്കില്‍ യാത്രക്കാര്‍ക്കും നേരെ അക്രമി വാഹനം ഓടിച്ച് കയറ്റിയത്. ആക്രമണത്തില്‍ 15 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള 29 കാരനായ സേയ്ഫുളോ സായ്പോവ് ആണ് അക്രമി.
