ആധുനിക ലോകത്തെ സ്ത്രീകളും അവര്‍ നേരിടുന്ന വിഷമതകളും ജീവിത സങ്കീര്‍ണ്ണതകളും പ്രമേയമാക്കിയ പുതിയ സിനിമയാണ് ക്രോസ് റോഡ്. ഫോറം ഓഫ് ബെറ്റര്‍ ഫിലിംസാണ് സിനിമ അവതരിപ്പിക്കുന്നത്. പത്ത് ഷോര്‍ട്ട് ഫിലിമുകളാണ് ക്രോസ് റോഡിലുള്ളത്. പത്ത് സിനിമകളും സംവിധാനം ചെയ്തിരുക്കുന്നത് പ്രമുഖരായ സംവിധായകരാണ്.സിനിമയില്‍ പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നത് മലയാളത്തിലെ പ്രധാനപ്പെട്ട നടിമാരുമാണ്. അനുഭവ സമ്പത്തും കഴിവുമുള്ള സാങ്കേതിക വിദഗധരും കലാകാരന്മാരും സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. പക്ഷികളുടെ മണം, മൗനം, കൊടേഷന്‍, കാവല്‍, ഒരു രാത്രിയുടെ കൂലി, ചെരിവ്, മുദ്ര, ബാദര്‍, ലെയ്ക്ക് ഹൗസ്, പിന്‍പെ നടപ്പവള്‍ എന്നിവയാണ് ക്രോസ് റോഡിലെ പ്രധാന സിനിമകള്‍. പത്ത് സിനിമകളിലും പല പ്രായങ്ങളിലുള്ള, പല അവസ്ഥകളിലൂടെ കടന്ന് പോവുന്ന, ജീവിതത്തോട് കലഹിക്കുന്ന , ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന, തോറ്റ് കൊടുക്കാന്‍ മടിക്കുന്ന സ്ത്രീകള്‍ നിറഞ്ഞ് നില്‍ക്കുന്നു.

 തന്‍റെ ആഗ്രഹങ്ങളെയും സ്പ്നങ്ങളെയും ജ്വലിപ്പിച്ച ഒരു പക്ഷിയെ തേടിയുള്ള ഒരു സ്ത്രീയുടെ യാത്രയാണ് "പക്ഷിയുടെ മണം". യാത്രയുടെ പകുതി വഴിയിലെത്തിയപ്പോള്‍ കുടുംബജീവിതത്തിലേര്‍പ്പെടുന്നു ഇവര്‍. എന്നാല്‍ തന്നെ ഒരിക്കല്‍‌ മോഹിപ്പിച്ച പക്ഷിയെ കണ്ടെത്തുമ്പോളാണ് ഇവര്‍ തിരിച്ചറിയുന്നത് ഒരിക്കലും തിരിച്ച് കയറാന്‍ പറ്റാത്ത വിധത്തില്‍ താന്‍ കുടുംബം എന്ന കെണിയില്‍ അകപ്പെട്ട് പോയിരിക്കുകയാണെന്ന്. സ്വന്തം ആഗ്രഹങ്ങളെ ബലികൊടുത്ത് മാതാപിതാക്കളെ ബന്ധുക്കളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന പുരുഷ മേധാവിത്വ സമൂഹത്തിലെ മറ്റൊരു ഇരയുടെ ജീവിതമാണ് "മൗനം" പറഞ്ഞ് വയ്ക്കുന്നത്. മക്കള്‍ അടുത്തില്ലാത്ത, കൊടിയ ഏകാന്തത അനുഭവിക്കുന്ന ഒരു മുത്തിശിയും തന്‍റെ ഏകാന്തതകള്‍ക്ക് അറുതിവരുത്താനായി തനിക്ക് കിട്ടിയ കൂട്ടുകാരന്‍ കൊടിയേശനുമാണ് സിനിമ കൊടേശനിലെ പ്രധാന കഥാപാത്രമെങ്കില്‍ കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന ഒരുസ്ത്രീയാണ് "കാവലിലെ" പ്രധാന കഥാപാത്രം.

"ഒരു രാത്രിയുടെ കഥയില്‍" സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്ന ഒരു സ്ത്രീയാണ് കഥാപാത്രംതന്‍റെ പഴയ കാല സുഹൃത്തിനെ വീണ്ടെടുക്കാനുള്ള ഒരു നര്‍ത്തകിയുടെ ശ്രമമാണ് സിനിമ "മുദ്ര.ഒരു സാധാരണ സ്ത്രീയില്‍ നിന്ന് ഒരു സമൂഹത്തിന്റെ മൊത്തം പ്രതീകം ആകുന്ന രീതിയിലേക്കുള്ള ഒരു സ്ത്രീയുടെ വളര്‍ച്ചയാണ് സിനിമ ബഡാര്‍ പറയുന്നത്.തന്‍റെ പുരുഷന് വേണ്ടി പണി തീരാത്ത വീട്ടില്‍ കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ പല വികാരങ്ങള്‍ വിചാരങ്ങള്‍ എന്നിവ "ലെയ്ക്ക് ഹൗസില്‍" പ്രമേയമാകുന്നു.ശാരീരികമായും മാനസികമായും മുറിവുകള്‍ മാത്രം നല്കുന്ന വിവാഹജീവിതത്തില്‍ സന്തോഷം അഭിനയിക്കാതെ പ്രതികരിക്കാന്‍ ശ്രമിക്കുന്ന ശക്തയായ സ്ത്രിയാണ് "പിന്‍പെ നടപ്പവളിലെ" നായിക.

പരമ്പരാഗത നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ് ക്രോസ് റോഡിലെ ഓരോ സിനിമകളും. നായക കേന്ദ്രീകൃത മലയാള സിനിമകളില്‍ നിന്ന് പെണ്‍ സ്വത്വങ്ങളുടെ വീണ്ടെടുപ്പ് സിനിമയില്‍ കാണാന്‍ കഴിയും.