മോഡലിംഗ് ലോകത്തെ പുത്തന്‍ താരോദയം ആകാന്‍ ഒരുങ്ങുകയാണ് കാറ്റി മീഡ് എന്ന അമേരിക്കക്കാരി. നിശ്ചയദാര്‍ഡ്യം കൈമുതലാക്കി ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പ്പിച്ച കാറ്റിയുടെ ജീവിതം വലിയ പ്രചോദനമേകുന്നതാണ്.

കാറ്റി മീഡിന്‍റെ ചുവടുകള്‍ ഏതൊരു പ്രൊഫഷണല്‍ മോഡലിനേക്കാളും ആത്മവിശ്വാസം നിറഞ്ഞതാണ്. അവളുടെ ലക്ഷ്യത്തിന് മുന്നില്‍ വൈകല്യങ്ങള്‍ വഴിമാറുന്നു. അഴകളവുകളല്ല, മനസ്സിന്‍റെ സൗന്ദര്യമാണ് ഫാഷനെ നിര്‍വ്വചിക്കുന്നതെന്ന് കാറ്റി വിശ്വസിക്കുന്നു. ക്യാമറക്ക് മുന്നില്‍ നില്‍ക്കാന്‍ 33 കാരിയെ നയിക്കുന്നതും നിശ്ചയദാര്‍ഢ്യം തന്നെ.

കുട്ടിക്കാലം മുതലേ ഫാഷന്‍ കാറ്റിയുടെ സ്വപ്നങ്ങളിലുണ്ടായിരുന്നു. രണ്ടു തവണ ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയക്ക് വിധേയയായി. ശാരീരിക പ്രശ്‍നങ്ങള്‍ സ്വപ്‍നങ്ങള്‍ക്ക് തടസ്സമാകുമെന്ന് ആദ്യമൊക്കെ ഭയന്നെങ്കിലും പതുക്കെ ധൈര്യം തിരിച്ചുപിടിച്ചു. അങ്ങനെ ഡൗണ്‍ സിന്‍ഡ്രം ബാധിച്ചവരുടെ കൂട്ടത്തില്‍ നിന്നുള്ള ആദ്യമോഡലായി കാറ്റി.

സമാനരോഗമുള്ളവരെ സഹായിക്കാന്‍ രൂപീകരിച്ച ബെസ്റ്റ് ബഡ്ഡീസ് എന്ന സംഘടനയുടെ അംബാസിഡറായിരിക്കെ ആണ് കാറ്റിയെ തേടി ആ സുവര്‍ണ അവസരം എത്തിയത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബ്യൂട്ടി ആന്‍റ് പിന്‍ അപ്സ് എന്ന കമ്പനിയുടെ മുഖമാകാന്‍ ഉള്ള ഓഫര്‍. കാറ്റിയെ മോഡലാക്കി സൗന്ദര്യത്തിന്‍റെ പതിവ് സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതാന്‍ ശ്രമം. ഒപ്പം കാറ്റിയെ പോലെ ആര്‍ക്കും മടിക്കാതെ ഫാഷന്‍ലോകത്തേക്ക് കടന്നുവരാം എന്ന സന്ദേശവും സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ വരെ പങ്കെടുത്തിട്ടുണ്ട് കാറ്റി. ഓരോ ചുവടിനുമൊപ്പം പിന്തുണയുമായി നിഴല്‍ പോലെ അച്ഛനമ്മമാരായ ടോമും ബെക്കിയും. സൗന്ദര്യം എല്ലാവരിലും ഉണ്ട്.. സ്വപ്‍നനങ്ങള്‍ പിന്തുടരൂ.. ഇതാണ് കാറ്റിയുടെ വിജയമന്ത്രം.