കൊച്ചി: കേരളത്തില്‍ 202 തീയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് നൂറ്റന്‍പതോളം സ്‌ക്രീനുകളിലും എത്തിയ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ റെക്കോഡ് ഇട്ടു. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമ നല്‍കുന്ന കണക്ക്പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 4.31 കോടി രൂപ (4,31,46,345). കേരളത്തിലെ 202 സ്‌ക്രീനുകളില്‍ മാത്രം 958 പ്രദര്‍ശനങ്ങള്‍ നടന്നതായാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം.

നിലവില്‍ ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ മോഹന്‍ലാലിന്‍റെ വൈശാഖ് ചിത്രം പുലിമുരുകന്‍റെ പേരിലായിരുന്നു. 4.05 കോടിയായിരുന്നു ബോക്‌സ്ഓഫീസില്‍ 150 കോടി നേടിയ പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍. എന്നാല്‍ കേരളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന ഫസ്റ്റ്‌ഡേ ഇനിഷ്യല്‍ നേടിയ സിനിമ പുലിമുരുകന്‍ ആയിരുന്നില്ല. 

മാസ് അപ്പീലില്‍ വമ്പന്‍ പ്രചരണവുമായെത്തിയ രജനീകാന്ത് ചിത്രം കബാലിക്കായിരുന്നു ആ റെക്കോര്‍ഡ്. ജൂലൈ 22 എന്ന റിലീസ് ദിവസത്തില്‍ മാത്രം 4.27 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് വാരിയത്. ഇതിനെയും പിന്നിലാക്കിയിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി ചിത്രം.