ടിനി ടോം നായകനാകുന്ന 'അന്യര്‍ക്ക് പ്രവേശനമില്ല'യിലെ ആദ്യ സോംഗ് വീഡിയോ റിലീസ് ചെയ്തു. "ദേഖോ മേന്‍" എന്ന ഈ ഹിന്ദി ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വി എസ് ജയകൃഷ്‍ണയാണ്. ടിനി ടോമും, ഷീന്‍ഷയുമാണ്‌ മേജര്‍ രവി രചിച്ച വരികള്‍ ആലപിച്ചിരിക്കുന്നത്.

വി എസ് ജയകൃഷ്‍ണ സംവിധാനം നിര്‍വഹിക്കുന്ന 'അന്യര്‍ക്ക് പ്രവേശനമില്ല', പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ടിനി ടോം, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തില്‍ പുതുമുഖം അതിഥി റായിയാണ് നായിക. ശ്രീജിത്ത് രവി, ഇടവേള ബാബു, ബിജുക്കുട്ടന്‍, സുനില്‍ സുഗദ, കലാഭവന്‍ റഹ്മാന്‍, പൊന്നമ്മ ബാബു, ജീന, ശ്രുതി തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജയരാജ് മടായിയും ഹരി മടായിയും ചേര്‍ന്നാണ്. ഛായാഗ്രഹണം ഷാജി ജേക്കബും രാജേഷ്‌ നാരായണും ചിത്രസംയോജനം കപില്‍ ഗോപാലകൃഷ്‍ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247ർനാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഡി ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പി പ്രഭാകരന്‍ നിര്‍മ്മിച്ച 'അന്യര്‍ക്ക് പ്രവേശനമില്ല' മെയ്‌ 27ന് തിയറ്ററുകളിലെത്തും.